'7 വയസ് മുതൽ യുഎസിൽ, സ്ഥിരതാമസ അനുമതിയുണ്ടായിട്ടും നാടുകടത്താൻ നീക്കം'; 21കാരിയായ വിദ്യാർത്ഥിനി കോടതിയിൽ

By: 600007 On: Mar 25, 2025, 2:36 PM

 

വാഷിങ്ടണ്‍: സ്ഥിര താമസ അനുമതിയുണ്ടായിട്ടും (പെർമനന്‍റ് റസിഡന്‍റ് സ്റ്റാറ്റസ്) തന്നെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നീക്കത്തിനെതിരെ വിദ്യാർത്ഥിനിയുടെ നിയമ പോരാട്ടം. കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ 21കാരി യുൻസിയോ ചുങ് ആണ് കോടതിയെ സമീപിച്ചത്. ഏഴ് വയസ്സ് മുതൽ യുഎസിൽ ജീവിക്കുന്ന തന്നെ, നിയമപരമായി സ്ഥിര താമസ അനുമതി ഉണ്ടായിട്ടും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ഐസിഇ) നാടുകടത്താൻ ശ്രമിക്കുന്നുവെന്ന് യുൻസിയോ ചുങ് പറയുന്നു.  

 

അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രതിഷേധ പ്രകടനങ്ങൾക്കുമുള്ള ഭരണഘടനാപരമായ അവകാശങ്ങളെ അടിച്ചമർത്താനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് വിദ്യാർത്ഥിനി ഹർജിയിൽ ആരോപിച്ചു. പലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഗാസയിൽ ഇസ്രായേൽ സർക്കാർ നടത്തുന്ന സൈനിക നീക്കത്തെ എതിർക്കുകയും ചെയ്യുന്ന വിവിധ സർവകലാശാലകളിലെ  വിദ്യാർത്ഥികളെയാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നും ഹർജിയിൽ പറയുന്നു. കേസ് നടക്കുമ്പോൾ തന്നെ തടങ്കലിൽ വയ്ക്കാനും ന്യൂയോർക്ക് നഗരത്തിൽ നിന്നോ രാജ്യത്തു നിന്നോ പുറത്താക്കാനും നീക്കമുണ്ടായാൽ തടയണമെന്ന് യുൻസിയോ ആവശ്യപ്പെട്ടു. 

വിദ്യാർത്ഥി പ്രക്ഷോഭകർക്കെതിരായ അച്ചടക്ക നടപടികളിൽ പ്രതിഷേധിക്കുന്നതിനിടെ മാർച്ച് 5 ന് യുൻസിയോ  അറസ്റ്റിലായിരുന്നു. അതിനു പിന്നാലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് തന്നെ നാടുകടത്താൻ തീരുമാനിച്ചതായി ദക്ഷിണ കൊറിയയിൽ നിന്നുള്ള യുൻസിയ ചുങ് പറഞ്ഞു. പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും ഇസ്രയേലിന്‍റെ യുദ്ധത്തെ വിമർശിക്കുകയും ചെയ്യുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുമെന്ന് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.