വാന്‍കുവര്‍ ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ ആക്രമാസക്തനായ രോഗി കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. സഹപ്രവര്‍ത്തകര്‍ എത്തി നഴ്‌സിനെ രോഗിയില്‍ നിന്നും രക്ഷിച്ചു. സംഭവത്തെ ബീസി നഴ്‌സസ് യൂണിയന്‍ അപലപിച്ചു. മാര്‍ച്ച് 13 ന് വാന്‍കുവര്‍ ജനറലിലെ സീഗള്‍ ബില്‍ഡിംഗിലാണ് സംഭവം നടന്നത്. മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കുള്ള ഇന്‍പേഷ്യന്റ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിവിടെയാണ്. ഇവിടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി നഴ്‌സിനെ ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയതായി യൂണിയന്‍ പ്രസിഡന്റ് അഡ്രിയാന്‍ ഗിയര്‍ പറഞ്ഞു.
നേരത്തെ അക്രമസക്താനാകുന്ന സ്വഭാവക്കാരനായിരുന്നു രോഗിയെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ പറയുന്നു. ഇത് സംബന്ധിച്ച് ആശങ്കയും ജീവനക്കാര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ നഴ്‌സ് രോഗിയുമായി നേരിട്ട് ഇടപഴകിയിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. യാതൊരു പ്രകോപനവും കൂടാതെ നഴ്‌സിനെ രോഗി ആക്രമിക്കുകയായിരുന്നു.
നിസാര പരുക്കേറ്റെങ്കിലും നഴ്‌സ് ചികിത്സ തേടി. സുഖംപ്രാപിച്ച് വരുന്നതായി ഗിയര്‍ പറഞ്ഞു. ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.