ആൽബെർട്ടയിൽ, 2022 മുതൽ തൊഴിൽ തട്ടിപ്പുകളിൽ പെട്ട് തൊഴിലന്വേഷകർക്ക് ദശലക്ഷക്കണക്കിന് ഡോളർ നഷ്ടമായതായി റിപ്പോർട്ട്. വെറും രണ്ട് വർഷത്തിനുള്ളിൽ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട തുക, 2.28 ദശലക്ഷം ഡോളറിൽ നിന്ന് 4.8 ദശലക്ഷം ആയി വർദ്ധിച്ചതായാണ് കണക്കുകൾ. തൊഴിൽ തട്ടിപ്പ് പദ്ധതികളിൽ ആൽബെർട്ടയിലെ ജനതയ്ക്ക് പണം നഷ്ടപ്പെടുന്നത് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കനേഡിയൻ ആന്റി-ഫ്രോഡ് സെന്ററിൻ്റെ കണക്കുകളും വ്യക്തമാക്കുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട ഇരകളുടെ എണ്ണത്തിൽ ചെറിയ വർധനവുണ്ടായിട്ടുണ്ട്.
2024-ൽ ആൽബെർട്ടയിലെ ഏകദേശം 190 ഇരകളിൽ നിന്ന് തട്ടിപ്പുകാർ ഏകദേശം 4.8 മില്യൺ ഡോളർ തട്ടിയെടുത്തതായി റിപ്പോർട്ടുണ്ട്. 2022നെ അപേക്ഷിച്ച് പത്തിരട്ടി ആയിരുന്നു ഈ വർദ്ധന. 2022ൽ ഏകദേശം 160 ആളുകളിൽ നിന്ന് 440,000 ഡോളറായിരുന്നു തട്ടിയെടുത്തത്. കോവിഡ്-19 മഹാമാരിയുടെ വ്യാപനം മുതലെടുത്താണ് പലരും തട്ടിപ്പു നടത്തിയത്. ക്രിപ്‌റ്റോകറൻസി പോലുള്ള മേഖലകളിൽ ജോലി വാഗ്ദാനം ചെയ്തും പല തട്ടിപ്പുകളും നടന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആൽബെർട്ടയിലേക്കുള്ള വൻതോതിലുള്ള കുടിയേറ്റവും തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കുന്നതും വളരെ കുറച്ച് ജോലി ഒഴിവുകൾ മാത്രം ഉണ്ടാകുന്നതും തൊഴിൽ തട്ടിപ്പ് നടത്തുന്നവർക്ക് കൂടുതൽ വളരാൻ അവസരമൊരുക്കിയതായും അധികൃതർ അറിയിച്ചു.