കാനഡ ഫെഡറല്‍ തെരഞ്ഞെടുപ്പ്; ജോലികള്‍ക്കായി 200,000 ത്തിലധികം താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനൊരുങ്ങി ഇലക്ഷന്‍സ് കാനഡ 

By: 600002 On: Mar 25, 2025, 9:59 AM

 


കാനഡയില്‍ ഏപ്രില്‍ 28 ന് ഫെഡറല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളും പൗരന്മാരും തെരഞ്ഞെടുപ്പ് ചൂടിലായി കഴിഞ്ഞു. ഇനി പ്രചാരണത്തിന്റെയും സംവാദങ്ങളുടെയും നാളുകളാണ്. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഇലക്ഷന്‍സ് കാനഡ ജീവനക്കാരെ നിയമിക്കാനുള്ള നീക്കത്തിലാണ്. രാജ്യത്തുടനീളം 200,000 ത്തിലധികം താല്‍ക്കാലിക ജീവനക്കാരെയാണ് ഇലക്ഷന്‍സ് കാനഡ നിയമിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പും, പോളിംഗ് ദിവസങ്ങളിലുമുള്ള സേവനങ്ങള്‍ക്കാണ് ജീവനക്കാരെ നിയമിക്കുന്നത്. 

കാനഡയിലുടനീളമുളള പ്രാദേശിക ഇലക്ഷന്‍സ് കാനഡ ഓഫീസുകളിലും  വോട്ടിംഗ് സ്ഥലങ്ങളിലും ജോലി ചെയ്യാനുള്ള അവസരമാണ് ഇവര്‍ക്ക് ലഭിക്കുക. നിരവധി തസ്തികകള്‍ക്ക് ആകര്‍ഷകമായ ശമ്പളവും ലഭ്യമാകും. ഓഫീസ് സ്റ്റാഫ്, ഇലക്ഷന്‍ ഓഫീസര്‍ എന്നിങ്ങനെയുള്ള തസ്തികകളിലേക്കാണ് പ്രധാനമായും നിയമനം നടക്കുന്നത്. സുഗമമായ വോട്ടെടുപ്പിന് ആവശ്യമായ എല്ലാ തയാറെടുപ്പുകളും നടത്തുക, പുനരവലോകനവും പ്രത്യേക ബാലറ്റ് വോട്ടിംഗ് സേവനങ്ങളും വാഗ്ദാനം ചെയ്യുക എന്നിവയാണ് ഓഫീസ് സ്റ്റാഫിന്റെ ജോലി. 

ഇലക്ഷന്‍ ഓഫീസര്‍മാരെ പ്രധാനമായും പോളിംഗ് സൈറ്റുകളില്‍ ജോലി ചെയ്യുന്നതിനാണ് നിയോഗിച്ചിരിക്കുന്നത്. വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ ഇവര്‍ സഹായിക്കും. ഇവരെക്കൂടാതെ, കമ്മ്യൂണിറ്റി ലൈസണ്‍ ഓഫീസര്‍, പോള്‍ ഓപ്പറേഷന്‍സ് മാനേജര്‍, ട്രെയ്‌നിംഗ് ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സെന്‍ട്രല്‍ പോള്‍ സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലേക്കും നിയമനം നടത്തുന്നുണ്ട്. അപേക്ഷിക്കുന്നവര്‍ ഏപ്രില്‍ 28ന് 16 വയസ്സ് തികഞ്ഞവരായിരിക്കണം. കനേഡിയന്‍ പൗരനുമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇലക്ഷന്‍സ് കാനഡ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.