ഒരു കാലത്ത് ദശലക്ഷകണക്കിന് ഡോളര്‍ മൂല്യമുള്ള ഒരു ബയോടെക് കമ്പനിയായിരുന്ന 23ആന്‍ഡ്മീ(23andMe) ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. യുഎസ് ബാങ്ക്‌റപ്റ്റസി കോടതിയില്‍ ചാപ്റ്റര്‍ 11 പ്രൊസീഡിംഗ്‌സ് ആരംഭിച്ചതായി ജെനറ്റിക് ടെസ്റ്റിംഗ് കമ്പനി അറിയിച്ചിരിക്കുകയാണ്. കമ്പനിയുടെ വിലപ്പെട്ട ആസ്തി DNA ഡാറ്റകളാണ്. പാപ്പരത്ത നടപടികള്‍ നേരിടുന്ന കമ്പനിയിലെ ദശലക്ഷകണക്കിന് ആളുകളുടെ ജനിതക വിവരങ്ങള്‍ക്ക് ഇനി എന്ത് സംഭവിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. കാലിഫോര്‍ണിയയിലെ സൗത്ത് സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് 23ആന്‍ഡ്മീ. കമ്പനിയില്‍ നല്‍കുന്ന ഉമിനീര്‍ സാമ്പിളിലൂടെ സിംഗിള്‍ ന്യൂക്ലിയോടൈഡ് പോളിമോര്‍ഫിസം ജനിതക ടൈപ്പിംഗ് ഉപയോഗിച്ച് ഉപഭോക്താവിന്റെ വംശപരമ്പരയെയും ആരോഗ്യ സംബന്ധിയായ വിഷയങ്ങളിലേക്കുള്ള ജനിതക മുന്‍കരുതലുകളെയും കുറിച്ച് വിശകലനം ചെയ്യുകയാണ് കമ്പനി ചെയ്യുന്നത്.
കൂടുതല്‍ ചെലവ് കുറയ്ക്കല്‍, നിയമപരവും പാട്ടക്കാലാവധി ബാധ്യതകളും പരിഹരിക്കല്‍ എന്നിവയുള്‍പ്പെടെ തങ്ങള്‍ നേരിടുന്ന പ്രവര്‍ത്തനപരവും സാമ്പത്തികപരവുമായ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രക്രിയ സഹായിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് 23ആന്‍ഡ്മീ എക്‌സിക്യുട്ടീവ് മാര്‍ക്ക് ജെന്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ പ്രക്രിയയില്‍ ജീവനക്കാരെ പിന്തുണയ്ക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലോകമെമ്പാടുമായി 15 മില്യണിലധികം ഉപഭോക്താക്കളുള്ളതിനാല്‍ എല്ലാവരുടെയും ഡാറ്റ സുരക്ഷിതമായിരിക്കുമോയെന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നുണ്ട്. ആളുകളുടെയും ആസ്തികളുടെയും മൂല്യത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നു, കൂടാതെ മനുഷ്യ ജീനോമില്‍ നിന്ന് ആളുകളെ ആക്‌സസ് ചെയ്യാനും മനസ്സിലാക്കാനും പ്രയോജനം നേടാനും ഉപഭോക്താക്കളുടെയും രോഗികളുടെയും സ്വകാര്യത ഉറപ്പാക്കാനും കോടതിയിലെ നടപടിക്രമങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാര്‍ക്ക് ജെന്‍സണ്‍ പറഞ്ഞു.