സ്നിക്കേഴ്സ് തീമുള്ള ഒരു ശവപ്പെട്ടിയിൽ തന്നെ സംസ്കരിക്കണമെന്ന ബ്രിട്ടീഷ് പൗരന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് കുടുംബാംഗങ്ങൾ. കെയർ അസിസ്റ്റന്റായ പോൾ ബ്രൂം എന്ന വ്യക്തിയുടെ ആഗ്രഹമാണ് കുടുംബാംഗങ്ങൾ സാധിച്ചു നൽകിയത്.
പകുതി പൊളിച്ച സ്നിക്കേഴ്സ് ബാർ പോലെ തോന്നിപ്പിക്കുന്ന ഒരു ശവപ്പെട്ടിയാണ് പോൾ ബ്രൂമിന്റെ കുടുംബം അദ്ദേഹത്തിൻറെ അന്ത്യവിശ്രമത്തിനായി ഒരുക്കിയത്. അതിന്റെ ഒരു ഭാഗത്ത് അയാം നട്ട്സ് എന്നും അവർ എഴുതിയിരുന്നു.
ജീവിതത്തിൽ ഏറെ നർമ്മബോധമുള്ള വ്യക്തിയായിരുന്നു പോൾ എന്നും മരണത്തിലും അദ്ദേഹം തന്റെ അതുല്യ വ്യക്തിത്വം പ്രകടിപ്പിച്ചു എന്നുമാണ് പോളിന്റെ കുടുംബാംഗങ്ങൾ പറഞ്ഞത്. മറ്റുള്ളവർക്ക് ഭ്രാന്തമായി തോന്നാമെങ്കിലും പോളിനോടുള്ള തങ്ങളുടെ സ്നേഹത്തെ അദ്ദേഹത്തിൻറെ ഈ ഭ്രാന്തമായ ആഗ്രഹം തങ്ങൾക്ക് തള്ളിക്കളയാൻ ആകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സൗത്ത് ലണ്ടനിൽ നിന്നുള്ള ബ്രൂം ഫുട്ബോൾ ക്ലബ്ബിന്റെ കടുത്ത ആരാധകനായിരുന്നതിനാൽ, ശവപ്പെട്ടിയിൽ ക്രിസ്റ്റൽ പാലസ് എഫ്‌സിയുടെ ലോഗോയും ഉൾപ്പെടുത്തിയിരുന്നു. ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഏറെ വികാരനിർഭരമായാണ് പോളിന്റെ ബന്ധുക്കളും സഹപ്രവർത്തകരും അദ്ദേഹത്തിന് വിട നൽകിയത്.
ബ്രിട്ടനിൽ സമീപകാലത്തായി മരണപ്പെടുന്നവരുടെ അന്ത്യാ അഭിലാഷങ്ങൾക്ക് അനുസരിച്ച് പാരമ്പര്യേതര ശവസംസ്കാര ചടങ്ങുകൾ നടത്തപ്പെടുന്നത് വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.