കാനഡക്കാർക്കായി വിപുലമായ ദന്ത പരിചരണ പരിപാടികൾ പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. 90,000 ഡോളറിൽ താഴെ കുടുംബ വരുമാനമുള്ളവരും സ്വകാര്യ ഇൻഷുറൻസ് ഇല്ലാത്തവരുമായ എല്ലാ കനേഡിയൻ പൌരന്മാർക്കും മെയ് മാസത്തിൽ ഈ പ്രോഗ്രാമിന് അപേക്ഷിക്കാൻ കഴിയുമെന്ന് സർക്കാർ അറിയിച്ചു.
ജൂൺ ഒന്ന് മുതൽ കവറേജ് ആരംഭിക്കുമെന്ന് ലിബറൽ ആരോഗ്യ മന്ത്രി കമാൽ ഖേര പറഞ്ഞു. 2023 ഡിസംബറിൽ മുതിർന്ന പൗരന്മാർക്കായി ആരംഭിച്ച ഈ പരിപാടി, കുട്ടികളെയും വികലാംഗരെയും ഉൾപ്പെടുത്തുന്നതിനായി ഘട്ടം ഘട്ടമായി വികസിപ്പിക്കുകയായിരുന്നു. ലിബറലുകളും എൻഡിപിയും തമ്മിലുള്ള സപ്ലൈ-ആൻഡ്-കോൺഫിഡൻസ് കരാറിൻ്റെ ഫലമായാണ് പുതിയ പദ്ധതി. തങ്ങൾ അധികാരത്തിൽ എത്തിയാൽ ഈ പദ്ധതിക്ക് തുടർന്നും ധനസഹായം നൽകുമോ എന്ന് കൺസർവേറ്റീവുകൾ വ്യക്തമാക്കിയിട്ടില്ല. ദന്തഡോക്ടറെ സന്ദർശിക്കാൻ കഴിയാത്ത കാനഡക്കാർക്ക് ഈ പദ്ധതി സഹായകമായിട്ടുണ്ടെന്ന് കമാൽ ഖേര പറഞ്ഞു. ഈ പരിപാടിക്ക് കീഴിൽ ഏകദേശം 1.7 ദശലക്ഷം കനേഡിയൻമാർക്ക് ദന്ത പരിചരണം ലഭിച്ചിട്ടുണ്ടെന്നും 4.5 ദശലക്ഷത്തിലധികം കനേഡിയൻമാർ പദ്ധതിക്ക് അർഹത നേടുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും ഖേര പറഞ്ഞു. മെയ് ഒന്നിന്, 55നും 64നും ഇടയിൽ പ്രായമുള്ള കനേഡിയൻമാർക്ക് അപേക്ഷകൾ സമർപ്പിക്കാം. തുടർന്ന് മെയ് 15ന് 18നും 34നും ഇടയിൽ പ്രായമുള്ളവർക്കും മെയ് 29ന് 35നും 54നും ഇടയിൽ പ്രായമുള്ളവർക്കും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.