യുവതിയുടെ പൂർണ്ണ സമ്മതത്തോടെ അല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിവാഹം റദ്ദാക്കി ബിസി കോടതി

By: 600110 On: Mar 24, 2025, 2:35 PM

 

ഇന്ത്യൻ യുവതിയും യുവാവും തമ്മിൽ നടന്ന വിവാഹം ബിസി കോടതി അസാധുവാക്കി. യുവതിയുടെ പൂർണ്ണ സമ്മതത്തോടെ ആയിരുന്നില്ല വിവാഹമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നടപടി. വിവാഹം ചെയ്ത പുരുഷനിൽ നിന്നും കുടുംബത്തിൽ നിന്നുമുള്ള നിരന്തര സമ്മർദ്ദങ്ങൾ തന്നെ സ്വാധീനിച്ചിരുന്നതായി യുവതി കോടതിയെ അറിയിച്ചിരുന്നു.  ഇതെല്ലാം പരിഗണിച്ചാണ് ജസ്റ്റിസ് ഇയാൻ കാൾഡ്‌വെല്ലിൻ്റെ വിധി.  

ഇരുവരും ആദ്യമായി പരിചയപ്പെടുമ്പോൾ പുരുഷന് 32 വയസ്സും യുവതിക്ക് 18 വയസ്സുമായിരുന്നു പ്രായം. ന്യൂസിലൻഡിലായിരുന്നു അക്കാലത്ത് ഇയാൾ താമസിച്ചിരുന്നത്. കാനഡയിൽ സ്ഥിര താമസക്കാരിയായിരുന്നു യുവതി. വിവാഹം കഴിക്കാൻ യുവതിക്ക് ആഗ്രഹമുണ്ടായിരുന്നില്ലെങ്കിലും പുരുഷനും കുടുംബവും നിർബന്ധിക്കുകയായിരുന്നു. ദേര സച്ച സൗദ മത വിഭാഗത്തിലെ ഒരു പുരോഹിതൻ വിവാഹത്തെ അനുഗ്രഹിച്ചു എന്ന്  പെൺകുട്ടിയോട് പറയുകയും ജോലിസ്ഥലത്തേക്ക് സമ്മാനമായി പവിത്രമായ ഭക്ഷണം കൊണ്ടുവരികയും ചെയ്തതായി   വിധി ന്യായത്തിൽ പറയുന്നു. 2023 ഏപ്രിൽ 25 ന് സ്ത്രീ വിവാഹിതയാകാൻ സമ്മതിച്ചുവെന്നും അടുത്ത ദിവസം പുരുഷന്റെ ബന്ധു അവളെ ജോലിസ്ഥലത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയി എന്നും വിധിയിലുണ്ട്. അവളെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി പഞ്ചാബി വിവാഹ സ്യൂട്ട് അണിയിച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യമില്ലാതെ വിവാഹം നടത്തുകയായിരുന്നു.