കാനഡയിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി, വോട്ടെടുപ്പ് ഏപ്രിൽ 28ന്

By: 600110 On: Mar 24, 2025, 2:04 PM

 

കാനഡയിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. ഏപ്രിൽ 28ന് കാനഡ പോളിംഗ് ബൂത്തിലേക്കെത്തും. ഭരണകക്ഷിയായ ലിബറൽ പാർടി ഓഫ് കാനഡയും, പ്രധാന പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയും തമ്മിലാണ് ശക്തമായ പോരാട്ടം. അഭിപ്രായ സർവേകളിൽ ഭരണകക്ഷിക്കാണ് മുൻതൂക്കം. ഞായറാഴ്ച ഗവർണ്ണർ ജനറലിനോട് പാർലമെൻ്റ് പിരിച്ചുവിടാൻ കാർണി ആവശ്യപ്പെടുകയായിരുന്നു.

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന ഭീഷണികളോട് എതിരിട്ട് നില്ക്കാൻ, നിലവിലുള്ളതിനേക്കാൾ ശക്തമായ ജനപിന്തുണയുള്ളൊരു സർക്കാർ അനിവാര്യമാണെന്ന്  പ്രധാനമന്ത്രി കാർണി പറഞ്ഞു. അമേരിക്കയുമായുള്ള വ്യാപാര യുദ്ധവും കാനഡയെ യുഎസിൻ്റെ 51ആമത്തെ സംസ്ഥാനമാക്കുമെന്ന് പ്രസിഡൻ്റ് ട്രംപിൻ്റെ ആവർത്തിച്ചുള്ള ഭീഷണിയും കണക്കിലെടുക്കുമ്പോൾ, തെരഞ്ഞെടുപ്പ് പ്രധാനമാണെന്നും കാർണി വ്യക്തമാക്കി. അതേസമയം, കാർബൺ വില മുതൽ കുടിയേറ്റവും, നികുതിയും ഉൾപ്പെടെ  ട്രൂഡോ സർക്കാരിൻ്റെ എല്ലാ നയങ്ങളും റദ്ദാക്കുമെന്നാണ് കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെയുടെ വാഗ്ദാനം. 

അതിനിടെ അടുത്തിടെ പുറത്ത് വന്നൊരു അഭിപ്രായ സർവ്വെയിൽ ലിബറലകുൾ കൺസർവേറ്റീവുകളേക്കാൾ നേരിയ മുൻതൂക്കം സ്വന്തമാക്കി. ഇതിനു മുൻപുള്ള മിക്ക അഭിപ്രായ സർവ്വേകളിലും ലിബറലുകളേക്കാൾ വ്യക്തമായ മുൻതൂക്കം കൺസർവേറ്റീവുകൾക്കായിരുന്നു. എന്നാൽ ട്രൂഡോയുടെ രാജിയും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മാർക്ക് കാർണ്ണിയുടെ വരവും ലിബറലുകളുടെ നില നേരിയ തോതിലെങ്കിലും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. കാർണി ചുമതലയേറ്റ് രണ്ടാഴ്‌ചയ്ക്കുള്ളിലാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഹൗസ് ഓഫ് കോമൺസിലെ 343 സീറ്റുകളിലേക്കും ജില്ലകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് ആരംഭിച്ചിരിക്കുന്നത്. ജസ്റ്റിൻ ട്രൂഡോ രാജി വച്ചതിന് പിന്നാലെയാണ് ഈ മാസം 14നാണ് മാർക്ക് കാർണി കാനഡയുടെ 24ആം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്‌.