ഈ വര്‍ഷം ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കാനഡ 18 ആം സ്ഥാനത്ത്. 2024 ല്‍ 15 ആം സ്ഥാനത്തായിരുന്ന കാനഡയാണ് ഈ വര്‍ഷം 18 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. എന്നാല്‍ ജി7 രാജ്യങ്ങളില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമായി കാനഡയെ തെരഞ്ഞെടുത്തു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എല്ലാ ജി7 രാജ്യങ്ങളുടെയും ഹാപ്പിനെസ്സ് റാങ്കിംഗില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. അമേരിക്ക ഈ വര്‍ഷം 24 ആം സ്ഥാനത്തും യുകെ 23 ആം സ്ഥാനത്തുമാണ്. 2021 ല്‍ കാനഡയേക്കാള്‍ ഉയര്‍ന്ന റാങ്കിംഗില്‍ ആയിരുന്ന ജര്‍മ്മനി ഈ വര്‍ഷം 22 ആം സ്ഥാനത്തേക്കായി. തുടര്‍ച്ചയായ എട്ടാം തവണയും ഫിന്‍ലന്‍ഡ് ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഡെന്‍മാര്‍ക്ക്, ഐസ്‌ലാന്‍ഡ്, സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലെത്തിയത്. ആളോഹരി ജിഡിപി, സോഷ്യല്‍ സപ്പോര്‍ട്ട്, ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്.
118 ആമതായാണ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം. അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും ഒടുവില്‍(147) ഇടം പിടിച്ച രാജ്യം.