സ്‌റ്റോണി ട്രെയില്‍ മദ്യപിച്ച് വാഹനമോടിച്ച് കാല്‍ഗറി പോലീസ് വാഹനം ഇടിച്ചുതെറിപ്പിച്ചു;  ഉദ്യോഗസ്ഥന് പരുക്ക്; ഡ്രൈവര്‍ അറസ്റ്റില്‍ 

By: 600002 On: Mar 24, 2025, 11:34 AM

 

 

കാല്‍ഗറിയില്‍ മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ പോലീസ് വാഹനം ഇടിച്ചുതെറിപ്പിച്ചു. പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍  ഡ്രൈവറെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 8.45 ഓടെ സ്‌റ്റോണി ട്രെയില്‍ 88 സ്ട്രീറ്റ് എസ്ഇയിലാണ് സംഭവം നടന്നത്. ഗതാഗതം നിയന്ത്രിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് പിന്നില്‍ അമിതവേഗത്തിലെത്തിയ ഡോഡ്ജ് കാരവന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം തകര്‍ന്നു. ഡ്രൈവര്‍ സീറ്റില്‍ ഇരുന്നിരുന്ന ഉദ്യോഗസ്ഥന് പരുക്കേല്‍ക്കുകയും ചെയ്തു. 37 വയസ്സുള്ള നോളന്‍ ടെയ്‌ലര്‍ വാട്ട് എന്നയാളാണ് ഡോഡ്ജ് ഓടിച്ചിരുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. നോളനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. 

ഉദ്യോഗസ്ഥന്റെ പരുക്കുകള്‍ സാരമുള്ളതല്ലെന്നും സുഖം പ്രാപിച്ച് വരുന്നതായും പോലീസ് അറിയിച്ചു. പ്രതിക്കും അപകടത്തില്‍ പരുക്കേറ്റിട്ടില്ല. ഇയാള്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിക്കല്‍, അപകടമുണ്ടാക്കുന്ന തരത്തിലുള്ള ഡ്രൈവിംഗ് എന്നീ കുറ്റങ്ങള്‍ ചുമത്തി. മെയ് ആറിനെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.