പൈലറ്റ് ക്ഷാമം: പരിഹാരത്തിന് വിദേശ ജീവനക്കാരെ നിയമിക്കുന്നത് പരിഗണനയിലെന്ന് വെസ്റ്റ്‌ജെറ്റ്  

By: 600002 On: Mar 24, 2025, 10:08 AM

 

 

രൂക്ഷമായ പൈലറ്റ് ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് താല്‍ക്കാലിക വിദേശ തൊഴിലാളികളെ( TFWs) നിയമിക്കുന്ന പദ്ധതി പരിഗണനയിലെന്ന് വെസ്റ്റ്‌ജെറ്റ്. വെസ്റ്റ്‌ജെറ്റ് എന്‍കോര്‍ ക്യാപ്റ്റന്മാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള പദ്ധതികളിലൊന്നായി ലേബര്‍ മാര്‍ക്കറ്റ് ഇംപാക്ട് അസസ്‌മെന്റ്(എല്‍എംഐഎ) പ്രോസസ് കാര്യക്ഷമമാകുമോ എന്ന് പരിശോധിച്ചുവരികയാണെന്ന് എയര്‍ലൈന്‍ വക്താവ് ജൂലിയ കൈസര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജോലിക്കായി പ്രാദേശിക ജീവനക്കാരെ ലഭ്യമല്ലെന്ന് തെളിയിക്കാന്‍ ഒരു ബിസിനസ് സ്ഥാപനത്തിന് ആവശ്യമായ രേഖയാണ് എല്‍എംഐഎ. 

അതേസമയം, എയര്‍ലൈനിന്റെ നീക്കത്തെക്കുറിച്ച് വെസ്റ്റ്‌ജെറ്റോ ഫെഡറല്‍ സര്‍ക്കാരോ തങ്ങളോട് ആലോചിച്ചിട്ടില്ലെന്ന് പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ പറയുന്നു. ടിഎഫ്ഡബ്ല്യു പ്രോഗ്രാം വഴി നിയമിക്കുന്നതിന് വെസ്റ്റ്‌ജെറ്റിന് ഇതിനകം ഫെഡറല്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് യൂണിയന്‍ പറയുന്നു. എന്നാല്‍ എയര്‍ലൈനോ എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് കാനഡയോ ഇത് സംബന്ധിച്ച് സ്ഥിരീകരിച്ചിട്ടില്ല.