തീവ്രവാദ ഗ്രൂപ്പുകൾ ഓൺലൈൻ വഴി കുട്ടികളെ ലക്ഷ്യമിടുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അക്രമ സ്വഭാവമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ സ്വാധീനത്തിന് ഇരയായ കുട്ടികളുടെ വിവരങ്ങളും, അവരെ എങ്ങനെ തങ്ങളുടെ കമ്മ്യൂണിറ്റിയിലേക്ക് ആകർഷിക്കുന്നു എന്നും ഉള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ലൈവ് സ്ട്രീം ചെയ്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ആൾട്ടയിലെ ഒരു കൗമാരക്കാരിയുടെ കഥ പുറത്തായതോടെയാണ് ഇതിൻ്റെ വ്യാപ്തി പുറം ലോകം അറിയുന്നത്.
കൗമാരക്കാരിയുടെ ചർമ്മത്തിൽ സ്വസ്തിക ഉൾപ്പെടെയുള്ള എണ്ണമറ്റ ചിഹ്നങ്ങളും മറ്റ് പേരുകളും പച്ച കുത്തിയിരുന്നു. ഇത്തരം തീവ്രവാദ കമ്മ്യൂണിറ്റികളുടെ സ്വാധീനത്തെ തുടർന്നായിരുന്നു ഇതെല്ലാം. 2021 ജൂലൈ 11-നായിരുന്നു സംഭവം. 764 എന്ന അക്രമാസക്തമായ തീവ്രവാദ ഗ്രൂപ്പിലെ അംഗങ്ങൾ മാസങ്ങളോളം നടത്തിയ ചൂഷണത്തിന്റെ പരിസമാപ്തിയായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമം. ദുർബലരെയും പ്രായപൂർത്തിയാകാത്തവരെയുമാണ് ഇത്തരം സംഘടനകൾ തങ്ങളുടെ ഇരകളാക്കുന്നത്. ആർസിഎംപി 2024 ൽ 764 എന്ന ഈ ഗ്രൂപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. 764 ന്റെ ആഗോള ഭീഷണിയെക്കുറിച്ച് എഫ്‌ബിഐയും നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 23 രാജ്യങ്ങളിലായി ഇതിനോടകം നിരവധി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മൈൻക്രാഫ്റ്റ്, റോബ്ലോക്സ് പോലുള്ള ജനപ്രിയ ഗെയിമിംഗ് സൈറ്റുകളിൽ കൂടി ദുർബലരായ കുട്ടികളെ മനഃപൂർവ്വം ലക്ഷ്യമിടുകയാണ് ഇവർ ചെയ്യുന്നത്. ഡിസ്‌കോർഡിലും ടെലിഗ്രാമിലും സ്വകാര്യ ഓൺലൈൻ ചാറ്റുകളിലേക്ക് അവരെ വശീകരിക്കുന്നു. അശ്ലീല സൈറ്റുകളിലേക്ക് അടക്കം ആകർഷിച്ച് കൊണ്ടാണ് ചൂഷണത്തിന് ഇരയാക്കുന്നത്. കാനഡയിലെ ഓരോ നഗരത്തിലും ഇവരുടെ ഇരകൾ ഉണ്ടെന്നൊണ് വിദഗ്ദ്ധർ പറയുന്നത്. മാതാപിതാക്കൾ ജാഗ്രത കാട്ടണമെന്ന് പൊലീസും മുന്നറിയിപ്പ് നൽകുന്നു