പൊലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ഫോണിൽ വിളിച്ചുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കാൽഗറി പൊലീസിൻ്റെ മുന്നറിയിപ്പ്. പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് സാമ്പത്തിക വിവരങ്ങൾ തിരക്കുകയും പണം അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്ത നിരവധി പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇത്തരം ഫോൺ കോളുകൾ വരുമ്പോൾ കോളർ ഐഡിയിൽ കാൽഗറി പൊലീസ് സർവീസ് എന്നാണ് കാണിക്കുന്നത്. അതിനാൽ തന്നെ വിളിക്കുന്നത് പൊലീസെന്ന വിശ്വാസത്തിൽ മിക്കവരും കോൾ എടുക്കുന്നുവെന്നും പൊലീസ് പറയുന്നു. എന്നാൽ അത് പൊലീസ് ഉദ്യോസ്ഥർ അല്ലെന്നും ഇത്തരം കോളുകൾ വന്നാൽ ഫോൺ കട്ട് ചെയ്യണമെന്നും കാൽഗറി പൊലീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ പങ്കിടരുതെന്നും അജ്ഞാത കോളർക്ക് പണം അയയ്ക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഐഡന്റിറ്റി സ്ഥിരീകരിക്കാൻ 403-266-1234 എന്ന നമ്പറിൽ പൊലീസിനെ വിളിക്കുക. സാമ്പത്തിക നഷ്ടം സംഭവിച്ചവരോ വ്യക്തിഗത വിവരങ്ങൾ ചോർന്നവരോ ആയ ആർക്കും 403-266-1234 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്‌സ് 1-800-222-8477 എന്ന നമ്പറിലോ ഓൺലൈനായോ P3 ടിപ്‌സ് ആപ്പ് ഡൗൺലോഡ് ചെയ്‌തോ വിളിക്കാവുന്നതാണ്.