വ്യാജ കനേഡിയൻ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് മനുഷ്യക്കടത്തു നടക്കുന്നതായി RCMP. ഇത് സുരക്ഷാ ഭീഷണി ഉയർത്തുന്നതായും ആർസിഎംപി ചൂണ്ടിക്കാട്ടുന്നു. മോൺട്രിയലിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വ്യാജ കനേഡിയൻ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് അന്താരാഷ്ട്ര ശൃംഖലയുമായി ചേർന്ന് മനുഷ്യക്കടത്ത് നടത്തുന്നത്.
എല്ലാ കുടിയേറ്റ, സുരക്ഷാ പ്രോട്ടോക്കോളുകളും അട്ടിമറിക്കാനുള്ള കഴിവ് ഈ സംഘം വികസിപ്പിച്ചെടുത്തു എന്നും ഇത് കാനഡയുടെ ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നുമാണ് പ്രോജക്റ്റ് ഒ-ക്റ്റോപ്പസ് എന്ന റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണത്തിനിടെ ശേഖരിച്ച വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ, രേഖകൾ, വീഡിയോകൾ, ഫോട്ടോകൾ എന്നിവയിൽ നിന്ന് വ്യാജ പാസ്‌പോർട്ടുകൾ നിർമ്മിക്കുന്നൊരു വലിയ ശൃംഖലയെ കണ്ടെത്താൻ ആയെന്നും റിപ്പോർട്ട് പറയുന്നു. എംബസി ഉദ്യോഗസ്ഥരുമായി ഇവർക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. 2022 ജൂലൈയിൽ ആരംഭിച്ച RCMP അന്വേഷണം, ഒന്റാരിയോ അതിർത്തി പട്ടണമായ കോൺവാളിൽ അടക്കം പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് ഗ്രൂപ്പുകളെ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ്, കാനഡ ബോർഡർ സർവീസസ് ഏജൻസി, അക്വെസാസ്‌നെ മൊഹാക്ക് പോലീസ്, യുഎസ് ബോർഡർ പട്രോൾ എന്നിവയുടെ പിന്തുണയോടെയാണ് ആർസിഎംപി അന്വേഷണം നടത്തിയത്.