യുഎസ് അതിര്‍ത്തികളില്‍ മുട്ട കടത്ത് വര്‍ധിച്ചു; ഈ വര്‍ഷം ഫെന്റനൈലിനേക്കാള്‍ അധികം പിടിച്ചെടുത്തത് മുട്ടകള്‍ 

By: 600002 On: Mar 22, 2025, 1:43 PM

 


പക്ഷിപ്പനി പടരുന്നതിനിടെ അമേരിക്കയില്‍ മുട്ടയുടെ വില കുതിച്ചുയരുകയാണ്. മുട്ടയ്ക്ക് വിലയേറുന്നതോടെ മോഷണവും വര്‍ധിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന്റെ ഭാഗമായി അമേരിക്കയുടെ തെക്ക്, വടക്ക് അതിര്‍ത്തികളില്‍ ഫെന്റനൈല്‍ കടത്ത് പിടിക്കാനുള്ള ശക്തമായ പരിശോധനകളാണ് നടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഫെന്റനൈലിനേക്കാള്‍ ഏറ്റവും കൂടുതല്‍ പിടിക്കപ്പെടുന്നത് മുട്ടകള്‍ കടത്തുന്നവരെയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 ലെ ആദ്യ രണ്ട് മാസങ്ങളില്‍ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍(സിബിപി) 197 തവണയാണ് ഫെന്റനൈല്‍ പിടികൂടിയത്. 2025 ഇതേകാലയളവില്‍ ഇത് 134 തവണയായി ചുരുങ്ങി. എന്നാല്‍ 2024 ലെ ആദ്യ രണ്ട് മാസങ്ങളില്‍ 1,508 തവണയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ജനുവരിയിലും ഫെബ്രുവരിയിലും 3,254 തവണയാണ് മുട്ടകളും മുട്ട ഉല്‍പ്പന്നങ്ങളും സിബിപി ഉദ്യോഗസ്ഥര്‍ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. 

യുഎസ് അതിര്‍ത്തിയില്‍ നിലവില്‍ മുട്ട പിടിച്ചെടുക്കലുകളുടെ എണ്ണത്തിന് കാരണം പകര്‍ച്ചവ്യാധിയും അതിന്റെ ഫലമായുണ്ടാകുന്ന മുട്ട ക്ഷാമവുമാണെന്ന് എഗ്ഗ് ഫാര്‍മേഴ്‌സ് ഓഫ് കാനഡ പബ്ലിക് പോളിസി റിസര്‍ച്ച് ചെയര്‍ ബ്രൂസ് മുയിര്‍ഹെഡ് പറയുന്നു. ഫെബ്രുവരിയില്‍ അമേരിക്കയില്‍ ഒരു ഡസന്‍ മുട്ടയുടെ വില 5.90 യുഎസ് ഡോളറാണ്. 2024 നേക്കാള്‍ ഇരട്ടി വിലയാണ് ഉപഭോക്താക്കള്‍ ഇപ്പോള്‍ നല്‍കുന്നത്. കാലിഫോര്‍ണിയയില്‍ ചില സ്‌റ്റോറുകളില്‍ വില ഏകദേശം 10 ഡോളറായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വരും മാസങ്ങളില്‍ 41.1 ശതമാനം കൂടി മുട്ടയ്ക്ക് വില വര്‍ധിക്കുമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ ഡാറ്റ കാണിക്കുന്നു.  

നോര്‍ത്ത് അമേരിക്കയിലുടനീളം സമീപമാസങ്ങളില്‍ പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ മുട്ട, റോ ചിക്കന്‍ (raw chicken),  മറ്റ് സംസ്‌കരിക്കാത്ത പക്ഷികളുടെ ഉല്‍പ്പന്നങ്ങള്‍ എന്നിവ അമേരിക്കയിലേക്ക് കൊണ്ടുവരുന്നത് നിയമവിരുദ്ധമാണ്.