കാനഡയില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ അഞ്ചാംപനി വ്യാപിക്കുന്നു: മുന്നറിയിപ്പ് നല്‍കി പിഎച്ച്എസി 

By: 600002 On: Mar 22, 2025, 1:05 PM

 


വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ പ്രതിരോധിക്കാവുന്ന രോഗമായ അഞ്ചാംപനി വ്യാപിക്കുന്നത് കാനഡയിലുടനീളം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മാര്‍ച്ച് 18 വരെ കാനഡയിലുടനീളം ഈ വര്‍ഷത്തിന്റെ ആരംഭം മുതല്‍ 369 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡയുടെ(പിഎച്ച്എസി)റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട, സസ്‌ക്കാച്ചെവന്‍, മാനിറ്റോബ, ഒന്റാരിയോ, ക്യുബെക്ക് എന്നീ പ്രവിശ്യകളില്‍ അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരില്‍ നിന്നാണ് ഇപ്പോഴത്തെ അഞ്ചാംപനി വ്യാപനം ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടാതെ കാനഡയിലുടനീളം റിപ്പോര്‍ട്ട് ചെയ്ത അഞ്ചാംപനി കേസുകളില്‍ ഏകദേശം 80 ശതമാനവും വാക്‌സിന്‍ സ്വീകരിക്കാത്ത വ്യക്തികളാണ്. 

ഒന്റാരിയോയിലും ക്യുബെക്കിലും അഞ്ചാംപനി കുതിച്ചുയരുകയാണ്. ഒന്റാരിയോയില്‍ മാര്‍ച്ച് അവധിക്ക് ശേഷം വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഉടന്‍ പ്രതിരോധ കുത്തിവെപ്പുകളെടുക്കണമെന്ന് പിഎച്ച്എസി നിര്‍ദ്ദേശിച്ചു.