ഒരു റൊമാന്റിക് കോമഡിയായി തുടങ്ങി ഏറെ വൈകാരികമായ രീതിയിൽ പ്രേക്ഷകരിലേക്ക് ഇറങ്ങുന്ന രീതിയിലാണ് സിനിമയുടെ കഥാസാരം. ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ ഇരുവരുടേയും കെമിസ്ട്രിയാണ് എടുത്തുപറയേണ്ട പ്രധാന ഘടകമെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍.
ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രമായി ഉണ്ണിയും, ഭാര്യയായ സ്വാതി എന്ന കഥാപാത്രമായി നിഖിലയും മികവുറ്റ പ്രകടനം ചിത്രത്തിൽ നടത്തിയിട്ടുണ്ട്. ഒരു ഗൈനക്കോളജി ഡോക്ടറുടെ പേഴ്സണൽ, പ്രൊഫഷണൽ ലൈഫിനെ മികച്ച രീതിയിൽ ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നടൻ സുധീഷും നടി സുരഭി ലക്ഷ്മിയും അവതരിപ്പിച്ചിരിക്കുന്ന ദമ്പതികളുടെ വേഷവും ചെമ്പൻ വിനോദും ഫറ ഷിബ്ലയും അവതരിപ്പിച്ചിരിക്കുന്ന ദമ്പതി കഥാപാത്രങ്ങളും മനസ്സിനെ സ്പർശിക്കുന്നതാണ്. ജോണി ആന്റണി, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ, കെപിഎസി ലീല തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്.