സ്കൂളുകളിൽ ഹിജാബ് പോലുള്ള മുഖാവരണം നിരോധിക്കാനുള്ള നിയമവുമായി ക്യൂബെക് സർക്കാർ

By: 600110 On: Mar 21, 2025, 2:46 PM

 

ക്യൂബെക്ക് പ്രവിശ്യയിലെ സ്കൂളുകളിൽ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ഹിജാബ് പോലുള്ള മുഖാവരണം ധരിക്കുന്നത് നിരോധിക്കാൻ നിയമനിർമ്മാണവുമായി സർക്കാർ. ബിൽ 94 പ്രകാരം, അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും മാത്രമല്ല, പൊതുവിദ്യാലയങ്ങളിലെ എല്ലാ ജീവനക്കാർക്കും വളണ്ടിയർമാർക്കും നിരോധനം ബാധകമാകും. ഇതോടെ ആഫ്റ്റ‍ർ സ്കൂൾ മോണിറ്റർമാർ, സെക്രട്ടറിമാർ, വളണ്ടിയർമാ‍ർ, ലൈബ്രേറിയൻമാർ എന്നിവർക്കെല്ലാം കിപ്പ അല്ലെങ്കിൽ ഹിജാബ് പോലുള്ള മതചിഹ്നങ്ങൾ ധരിക്കാനാകില്ല.

മതേതരത്വ നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നിരോധനം മുന്നോട്ടു വെച്ചതെന്ന്  പ്രവിശ്യയിലെ വിദ്യാഭ്യാസ മന്ത്രി ബെർണാഡ് ഡ്രെയിൻവില്ലെ പറഞ്ഞു.  എല്ലാ സ്കൂൾ ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ സ്കൂളുകളിൽ പ്രവേശിക്കുന്ന ആർക്കും ഇത് ബാധകമാണ്. സ്കൂളിൽ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുവരുന്ന മാതാപിതാക്കൾക്കും മുഖം മൂടുന്നതിനുള്ള ഇതേ നിയമം ബാധകമായിരിക്കും. മുഖം മറയ്ക്കൽ നിയമം എത്ര വിദ്യാർത്ഥികളെ ബാധിക്കുമെന്നത് സംബന്ധിച്ച് ഇപ്പോൾ വ്യക്തതയില്ല. 17 സ്കൂളുകളിൽ മതേതര അന്തരീക്ഷം നിലനിർത്തുന്നതിൽ പ്രശ്നങ്ങൾ കണ്ടെത്തിയതായി അടുത്തിടെ പുറത്ത് വന്നൊരു റിപ്പോർട്ടിൽ വ്യക്തമായിരുന്നു.