ഫ്രഞ്ച് ബഹിരാകാശ ശാസ്ത്രജ്ഞന് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ച് അമേരിക്ക

By: 600110 On: Mar 21, 2025, 2:18 PM

 


ഫ്രഞ്ച് ബഹിരാകാശ ശാസ്ത്രജ്ഞന് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ച് അമേരിക്ക. മൊബൈൽ ഫോണിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വി‍മർശിക്കുന്ന സന്ദേശം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി. 
ഈ മാസം ആദ്യം ആയിരുന്നു സംഭവം. എയർപോർട്ടിലെ പരിശോധനയ്ക്കിടെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ശാസ്ത്രജ്ഞൻ്റെ  മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴായിരുന്നു ട്രംപിനെതിരായ സന്ദേശങ്ങൾ കണ്ടെത്തിയത്.  ഇത് ഭീകരവാദമായി കണക്കാക്കാം എന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ   പറഞ്ഞതായും റിപ്പോർട്ടുണ്ട്. 

ബഹിരാകാശ ​ഗവേഷകൻ്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.  പരിശോധനയ്ക്കിടെമാറ്റിനിർത്തി  അദ്ദേഹത്തിന്റെ ജോലിസ്ഥലത്തെ കമ്പ്യൂട്ടറും സ്വകാര്യ ഫോണും ഉദ്യോഗസ്ഥർ പരിശോധിച്ചു എന്നാണ് ഫ്രഞ്ച് പത്രമായ ലെ മോണ്ടെയുടെ റിപ്പോർട്ട്. മാർച്ച് 9 നാണ് സംഭവം നടന്നതെന്നും റിപ്പോ‍ട്ടിലുണ്ട്. അദ്ദേഹത്തിന്റെ ഫോണിൽ കണ്ടെത്തിയ സന്ദേശങ്ങൾ ശാസ്ത്രജ്ഞരോടുള്ള ട്രംപ് ഭരണകൂടത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതാണെന്നും ഏജൻസി ഫ്രാൻസ്-പ്രസ്സിനോട്  സംസാരിച്ച ഒരു നയതന്ത്ര സ്രോതസ്സ് വെളിപ്പെടുത്തുന്നു.  അദ്ദേഹത്തിന്റെ പ്രൊഫഷണൽ, വ്യക്തിഗത ഉപകരണങ്ങൾ കണ്ടുകെട്ടിയതായും ഗവേഷകനെ അടുത്ത ദിവസം യൂറോപ്പിലേക്ക് തിരിച്ചയച്ചതായുമാണ് റിപ്പോർട്ട്