രാജ്യം തെരഞ്ഞെടുപ്പിന് ഒരുങ്ങവെ ആൽബർട്ടയിൽ വിജയിക്കാൻ ലിബറലുകൾക്ക് ഏറെ പ്രയത്നിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. വരും ആഴ്ചകളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കാർണി ഏത് പ്രവിശ്യയിൽ നിന്നായിരിക്കും മല്സരിക്കുക എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയാകുമ്പോഴാണ് ഈ വാക്കുകൾ.
എഡ്മണ്ടണിൽ ഒരു ഭവന പദ്ധതിയുടെ പ്രഖ്യാപനം നടത്തുമ്പോഴായിരുന്നു കാർണിയുടെ പ്രസ്താവന. ആൽബെർട്ടയിൽ ലിബറലുകളുടെ സ്ഥാനം മെച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ നേതൃത്വം സഹായിക്കുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് പാർട്ടിക്ക് ഇവിടെ ഏറെ മുന്നോട്ട് പോകാനുണ്ട് എന്നും ഞങ്ങൾക്ക് വളരെ ശക്തരായ സ്ഥാനാർത്ഥികളുണ്ട് എന്നുമായിരുന്നു കാർണിയുടെ മറുപടി. രാജ്യത്തിന് പോസിറ്റീവായൊരു മാറ്റത്തിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഏറെ പോസിറ്റിവിറ്റി ഉള്ളൊരു പ്രവിശ്യയാണ് ആൽബട്ട. കാര്യങ്ങൾ എങ്ങനെ നടപ്പിലാക്കാമെന്നും പുതിയ വ്യവസായങ്ങൾ സൃഷ്ടിക്കാമെന്നും അറിയുന്ന ഒരു പ്രവിശ്യയാണിത് എന്നും ആൽബർട്ടയെക്കുറിച്ച് കാർണി വാചാലനായി.
ഒരു മില്യൺ ഡോളർ വരെ വിലയുള്ള എല്ലാ പുതിയതും നവീകരിച്ചതുമായ വീടുകൾക്കുള്ള ജിഎസ്ടി തന്റെ പുതിയ സർക്കാർ ഒഴിവാക്കുമെന്ന് കാർണി പ്രഖ്യാപിച്ചു. ആദ്യമായി വീട് വാങ്ങുന്നവർക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. അതിനിടെ ഞായറാഴ്ച കാർണി രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.