കാനഡയുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ആല്‍ബെര്‍ട്ടയിലെ ജനസംഖ്യ കുതിച്ചുയരുകയാണ്. കഴിഞ്ഞ വര്‍ഷം ഏകദേശം 170,000 പുതിയ താമസക്കാര്‍ പ്രവിശ്യയിലേക്ക് കുടിയേറിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ആല്‍ബെര്‍ട്ടയിലെ ജനസംഖ്യ 4,791,876 ആയിരുന്നു. 2025 ജനുവരി 1 ആയപ്പോഴേക്കും പ്രവിശ്യയിലെ ജനസംഖ്യ 4,960,097 ആയി വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. 3.45 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
അന്തര്‍ പ്രവിശ്യാ കുടിയേറ്റമാണ് ആല്‍ബെര്‍ട്ടയില്‍ ജനസംഖ്യ വര്‍ധിക്കാനുണ്ടായ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മറ്റ് പ്രവിശ്യകളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും 36,082 പേര്‍ പ്രവിശ്യയിലേക്ക് താമസം മാറി. 2023 ല്‍ 42,243 പേരുണ്ടായിരുന്ന് സ്ഥാനത്ത് ഇത് നേരിയ കുറവാണെങ്കിലും പുതിയൊരു സ്ഥലം തേടുന്ന കുടിയേറ്റക്കാര്‍ക്ക് ആല്‍ബെര്‍ട്ട എന്നും ആകര്‍ഷിക്കുന്ന പ്രവിശ്യയാണ്.
ആല്‍ബെര്‍ട്ടയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ അന്താരാഷ്ട്ര കുടിയേറ്റവും ഒരു പ്രധാന പങ്ക് വഹിച്ചു. ഈ വര്‍ഷം കാനഡയില്‍ എത്തിയത് 483,591 സ്ഥിരതാമസക്കാരാണ്. 1972 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആല്‍ബെര്‍ട്ടയിലേക്കെത്തിയത് 66,359 അന്താരാഷ്ട്ര കുടിയേറ്റക്കാരാണ്. ഇത് മറ്റ് പ്രവിശ്യകളെക്കാള്‍ റെക്കോര്‍ഡ് നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.