സുരക്ഷാ പ്രശ്‌നം: യുഎസില്‍ 46,000 ത്തിലധികം ടെസ്ല സൈബര്‍ ട്രക്കുകള്‍ തിരിച്ചുവിളിച്ചു

By: 600002 On: Mar 21, 2025, 10:24 AM

 

 

വാഹനത്തിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ 46,000 ത്തോളം ടെസ്‌ല സൈബര്‍ ട്രക്കുകള്‍ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ തിരിച്ചുവിളിച്ചു. വാഹനമോടിക്കുമ്പോള്‍ വിന്‍ഡ്ഷീല്‍ഡിന്റെ ഇരുവശങ്ങളിലുള്ള പാനല്‍ വേര്‍പെടുമെന്നും ഇത് റോഡിലൂടെ കടന്നുപോകുന്ന മറ്റുള്ള വാഹനങ്ങള്‍ക്ക് സുരക്ഷാ അപകടമുണ്ടാക്കുമെന്നും അഡ്മിനിസ്ട്രഷന്‍ പറയുന്നു. ഒരു വര്‍ഷം മുമ്പ് ഉപഭോക്താക്കള്‍ക്ക് ഡെലിവറികള്‍ ആരംഭിച്ചതിന് ശേഷം ടെസ്‌ല നിര്‍മിത വാഹനങ്ങളുടെ എട്ടാമത് തിരിച്ചുവിളിയാണിത്. 2023 നവംബര്‍ 13 മുതല്‍ 2025 ഫെബ്രുവരി 27 വരെ നിര്‍മ്മിച്ച 2024,2025 മോഡല്‍ 46,096 സൈബര്‍ ട്രക്കുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 

വിന്‍ഡ്ഷീല്‍ഡിനും ഇരുവശത്തുമുള്ള റൂഫിനും ഇടയിലുള്ള കാന്റ് റെയില്‍ ഒരുതരം പശ ഉപയോഗിച്ചാണ് ബന്ധിപ്പിച്ചിരിക്കുന്നതെന്ന് എന്‍എച്ച്ടിഎസ്എ പറയുന്നു. അതിനാലാണ് അപകടസാധ്യതയെന്ന് വിലയിരുത്തല്‍. തിരിച്ചുവിളിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന വാഹനങ്ങളുടെ പാനലുകള്‍ കമ്പനി തന്നെ മാറ്റി സ്ഥാപിക്കുകയും ശേഷം വാഹന ഉടമകള്‍ക്ക് തിരികെ നല്‍കുകയും ചെയ്യുമെന്ന് ടെസ്ല അറിയിച്ചു. 

വാഹനം തിരികെ നല്‍കുന്നത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ ഉടമകള്‍ക്ക് 2025 മെയ് 19 ന് മെയില്‍ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി വ്യക്തമാക്കി.