ഇന്ത്യ-കാനഡ സംഘര്‍ഷം ഹൃദയം തകര്‍ക്കുന്നുവെന്ന് മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പെര്‍ 

By: 600002 On: Mar 21, 2025, 9:29 AM

 

 

 

ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം വഷളാകുന്നതിന് കാരണം പൂര്‍ണമായി തനിക്ക് മനസ്സിലാകുന്നില്ലെന്ന് മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പെര്‍. കഴിഞ്ഞ മാസം ഇന്ത്യയില്‍ വെച്ച് നടന്ന എന്‍എക്‌സ്ടി കോണ്‍ക്ലേവില്‍(NXT Conclave) സംസാരിക്കുകയായിരുന്നു  അദ്ദേഹം. ഒരു പ്രത്യേക സംസ്ഥാനം രൂപീകരിക്കാന്‍ ആഗ്രഹിക്കുന്ന സിഖ് വിഘടനവാദികള്‍ ലിബറല്‍ പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറിയിരിക്കുകയാണെന്നും ഹാര്‍പ്പെര്‍ ആരോപിച്ചു. തന്റെ പിന്‍ഗാമിയായ ജസ്റ്റിന്‍ ട്രൂഡോയുടെ കീഴില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നിരന്തരം മോശമായത് കണ്ടപ്പോള്‍ ഹൃദയം തകരുകയാണെന്നും ഹാര്‍പ്പെര്‍ പറഞ്ഞു. 

സറേയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും പങ്കുണ്ടെന്ന്  മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. പിന്നീട് നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കലുകളും തര്‍ക്കങ്ങളും മറ്റുമായി ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. 

ആരോപണങ്ങള്‍ വിലയിരുത്താന്‍ തനിക്ക് സ്ഥാനമില്ല എന്ന് പറഞ്ഞുകൊണ്ട് ഹാര്‍പ്പെര്‍ ഇപ്പോള്‍ നടക്കുന്ന ക്രിമിനല്‍ അന്വേഷണങ്ങള്‍ സംബന്ധിച്ച് പരമാര്‍ശിച്ചു. താന്‍ അധികാരത്തിലിരിക്കുമ്പോള്‍ ഖലിസ്ഥാനെ പിന്തുണയ്ക്കുന്നതും ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധത്തിന് ഹാനികരവുമായ ന്യൂനപക്ഷത്തോട് തന്റെ സര്‍ക്കാര്‍ വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചതെന്നും ഹാര്‍പ്പെര്‍ വാദിച്ചു.