ബോയിംഗിന് അഗ്നിപരീക്ഷ; സ്റ്റാര്‍ലൈനറിന്‍റെ അടുത്ത പരീക്ഷണം നാസ ആസൂത്രണം ചെയ്യുന്നു

By: 600007 On: Mar 21, 2025, 8:32 AM

 

കാലിഫോര്‍ണിയ: സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ചുകൊണ്ടുള്ള പരീക്ഷണ പറക്കലിനിടെ പ്രതിസന്ധിയിലായ ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ അടുത്ത പരീക്ഷണം നാസ ആസൂത്രണം ചെയ്യുന്നു. എന്നാല്‍ വീണ്ടും ബഹിരാകാശ യാത്രികരെ വഹിച്ച് കുതിക്കാന്‍ അനുമതി ലഭിക്കാന്‍, അതിന് മുമ്പ് സ്റ്റാര്‍ലൈനറിന്‍റെ അൺക്രൂഡ് പരീക്ഷണ പറക്കൽ ബോയിംഗിന് വിജയിപ്പിക്കേണ്ടതുണ്ട്. വിജയകരമായ അണ്‍ക്രൂഡ് പരീക്ഷണത്തിന് ശേഷം മാത്രമേ സ്റ്റാർലൈനർ ഇനി ക്രൂ ദൗത്യങ്ങൾക്ക് നാസ ഉപയോഗിക്കൂ എന്നാണ് റിപ്പോർട്ട്.

 
ഇനി സ്റ്റാർലൈനർ ആദ്യം ഒരു ക്രൂ ഇല്ലാത്ത പരീക്ഷണ പറക്കല്‍ നടത്തുമെന്നും അതിന് ശേഷം ക്രൂ ദൗത്യങ്ങൾക്കായി വാഹനം പുനർനിർമ്മിക്കുമെന്നും സ്റ്റാർലൈനർ വികസനത്തിന് മേൽനോട്ടം വഹിക്കുന്ന നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിന്‍റെ തലവനായ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു. സ്റ്റാര്‍ലൈനറിലെ ത്രസ്റ്ററുകൾക്ക് രൂപകൽപ്പന ചെയ്തതുപോലെ ബഹിരാകാശത്ത് പ്രവർത്തിക്കാൻ കഴിയുമെന്ന് സ്ഥിരീകരിക്കുകയാണ് പുതിയ അൺക്രൂഡ് പരീക്ഷണത്തിന്‍റെ ലക്ഷ്യമെന്ന് അദേഹം വ്യക്തമാക്കി. ഹീലിയം ചോർച്ച ഇല്ലാതാക്കേണ്ടതുമുണ്ട്. ഈ പരീക്ഷണങ്ങള്‍ ഭൂമിയിൽ നടത്തുക പ്രായോഗികമല്ലെന്നും അദേഹം പറയുന്നു.

2024 ജൂണിലെ സ്റ്റാര്‍ലൈനറിന്‍റെ പരീക്ഷണ പറക്കലിന് ശേഷമുള്ള സാങ്കേതിക അന്വേഷണങ്ങളിൽ കാര്യമായ പുരോഗതി നാസയും ബോയിംഗും കൈവരിക്കുന്നുണ്ടെങ്കിലും പ്രൊപ്പൽഷൻ സിസ്റ്റത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് ഇക്കഴിഞ്ഞ ജനുവരിയിൽ നാസയുടെ സുരക്ഷാ ഉപദേശക സമിതി വ്യക്തമാക്കിയത്. ബോയിംഗ് ഈ വേനൽക്കാലത്ത് പ്രൊപ്പൽഷൻ സിസ്റ്റം ഘടകങ്ങളുടെ ഒരു ഗ്രൗണ്ട് ടെസ്റ്റ് ആസൂത്രണം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്ഥിരമായി ദൗത്യങ്ങള്‍ നടത്താന്‍ സ്പേസ് എക്സിനെ പോലെ അനുമതി ലഭിക്കാന്‍ സ്റ്റാര്‍ലൈനറിന്‍റെ സുരക്ഷ ബോയിംഗിന് തെളിയിച്ചേ മതിയാകൂ. ഐ‌എസ്‌എസിലേക്ക് ജീവനക്കാരെയും ചരക്കുകളും എത്തിക്കുന്നതിന് നാസ ഇപ്പോൾ പ്രധാനമായും സ്‌പേസ് എക്‌സിന്‍റെ ഡ്രാഗൺ ബഹിരാകാശ പേടകമാണ് ഉപയോഗിക്കുന്നത്.