'അനാവശ്യ ഉപാധികൾ വയ്ക്കുന്നു, റഷ്യ ലോകത്തിന് നൽകിയ വാക്ക് പാലിക്കണം', യുദ്ധം അവസാനിപ്പിക്കണമെന്നും സെലൻസ്കി

By: 600007 On: Mar 20, 2025, 6:18 PM

 

ബ്രസൽസ്: യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിലും വെടിനിർത്തലിലും ലോക രാജ്യങ്ങൾക്ക് നൽകിയ വാക്ക് റഷ്യ പാലിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കി രംഗത്ത്. യുദ്ധം നീട്ടിക്കൊണ്ടുപോകാൻ റഷ്യ അനാവശ്യ ഉപാധികൾ വയ്ക്കുന്നുവെന്നാണ് യുക്രൈൻ പ്രസിഡന്‍റ് ഇന്ന് പറഞ്ഞത്. ലോകത്തിന് നൽകിയ വാഗ്ദാനം പാലിക്കാൻ റഷ്യ തയ്യാറാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാനും വാഗ്ദാനം പാലിക്കാനുമായി ലോകരാജ്യങ്ങൾ റഷ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. യുറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള ചർച്ചക്കിടെയാണ് സെലൻസ്കിയുടെ പ്രതികരണം.

അതേസമയം യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കിയും യുറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള ചർച്ച പുരോഗമിക്കുകയാണ്. റഷ്യയുമായുളള യുദ്ധം സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സെലന്‍സ്കിയുടെ നിര്‍ണായക നീക്കം. ബ്രസല്‍സിലാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ യോഗം ചേരുന്നത്. യുദ്ധം അവസാനിപ്പിക്കാനും ഊര്‍ജ്ജ നിലയങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാമെന്നും ടെലിഫോണ്‍ ചര്‍ച്ചയില്‍ ട്രംപ്, സെലന്‍സ്കിയെ അറിയിച്ചിരുന്നു. ഉപാധികളില്ലാതെയുളള വെടിനിര്‍ത്തല്‍ നിര്‍ദേശം റഷ്യയും തള്ളിയിരുന്നു. അതേസമയം വിഷയം ചർച്ച ചെയ്യാൻ ഫ്രാന്‍സും യു കെയും അടക്കമുളള 20 രാജ്യങ്ങളില്‍ നിന്നുളള ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ലണ്ടനില്‍ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.