ഖുറേഷി എബ്രഹാം 6 ദിവസത്തിലെത്തും; നിലവില്‍ 'സ്റ്റീഫൻ' തിയറ്ററുകളില്‍

By: 600007 On: Mar 20, 2025, 6:11 PM

 

 

മ്പുരാൻ തിയറ്ററുകളിൽ എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ലൂസിഫർ വീണ്ടും തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ഇന്ന് മുതലാണ് ലൂസിഫർ റി റിലീസ് ചെയ്തത്. എമ്പുരാൻ റിലീസിന് മുന്നോടിയായി ലൂസിഫർ വീണ്ടും തിയറ്ററിലെത്തിക്കാൻ ആ​ഗ്രഹിക്കുന്നുവെന്ന്  ആശിർവാദ് സിനിമാസിന്റെ സാരഥി ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. 

2019ൽ ആയിരുന്നു ലൂസിഫർ റിലീസ് ചെയ്തത്. പൃഥ്വിരാജ് എന്ന സംവിധായകന് മലയാളികൾക്ക് സമ്മാനിച്ച ചിത്രം ചെറുതല്ലാത്ത ഓളമായിരുന്നു തിയറ്ററുകളിൽ സമ്മാനിച്ചത്.  സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്നിരുന്നു. 

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ മാർച്ച് 27 നു റിലീസിന് തയ്യാറെടുക്കുന്ന ചിത്രം, ഒരു മലയാള ചിത്രത്തിന് ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ പാൻ ഇന്ത്യൻ, ആഗോള റിലീസിനാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗവും മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, നിർമ്മാതാളിലൊരാളായ ആന്റണി പെരുമ്പാവൂർ എന്നുവരുൾപ്പെടെയുള്ളവർ സ്ഥിരീകരിച്ചിട്ടുണ്ട്

2023 ഒക്ടോബർ 5 ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ.