ചൈനയിൽ നാല് കനേഡിയൻ പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി. ഈ വർഷം ആദ്യമാണ് നാല് പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി സ്ഥിരീകരിച്ചു. കനേഡിയൻ പൗരന്മാർ ഉൾപ്പെട്ട കേസുകൾക്ക് ശക്തവും വ്യക്തവുമായ തെളിവുകളുണ്ടെന്ന് ചൈനീസ് എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ "സീറോ ടോളറൻസ്" നയമാണ് തങ്ങൾ പിന്തുടരുന്നതെന്നും എംബസി വ്യക്തമാക്കി.
ചൈനയുടെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് കാനഡ പറഞ്ഞു. മാന്യതയ്ക്ക് നിരക്കാത്തതാണ് ചൈനയുടെ വധശിക്ഷാ നടപടി എന്ന് ഗ്ലോബൽ അഫയേഴ്‌സ് കാനഡ പ്രസ്താവനയിൽ പറയുന്നു. ഏതു രാജ്യത്തുമുള്ള വധശിക്ഷയെ ശക്തമായി എതിർക്കുന്നതായും കാനഡ പറഞ്ഞു. ഇരകളുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നുണ്ടെന്ന് ഗ്ലോബൽ അഫയേഴ്‌സ് കാനഡ പറയുന്നുണ്ടെങ്കിലും വധശിക്ഷയ്ക്ക് വിധേയരായ കനേഡിയൻമാരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഈ ദുഷ്‌കരമായ സമയത്ത് മാധ്യമങ്ങൾ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ഗ്ലോബൽ അഫയേഴ്‌സ് വ്യക്തമാക്കി. സ്വകാര്യതാ ആശങ്കകൾ കാരണം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.