മുൻ കനേഡിയൻ പ്രധാനമന്ത്രിമാർക്ക് രണ്ട് പെൻഷനുകൾ അനുവദിക്കുന്നത് നികുതിദായക‍ർക്ക് മേൽ അമിതഭാരം അടിച്ചേല്പിക്കുന്നതെന്ന് വിമ‍ർശനം

By: 600110 On: Mar 20, 2025, 3:00 PM

 


കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് രണ്ട് പെൻഷനുകളിൽ നിന്നായി 8.4 മില്യൺ ഡോളർ ലഭിച്ചേക്കാമെന്ന് കനേഡിയൻ ടാക്സ് പേയേഴ്സ് ഫെഡറേഷൻ. എന്നാൽ പെൻഷൻ ലഭിച്ച് തുടങ്ങാൻ ഏതാനും വ‍ർഷങ്ങൾ കൂടി എടുത്തേക്കുമെന്നും ടാക്സ് പേയേഴ്സ് ഫെഡറേഷൻ അറിയിച്ചു. ആറ് വർഷമോ അതിൽ കൂടുതലോ പാർലമെൻ്റ് അംഗമായിരിക്കുന്നവർക്ക് ലഭിക്കുന്ന പെൻഷന് പുറമെ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ചതിനുള്ള പെൻഷനും അദ്ദേഹത്തിന് ലഭിക്കും.

ട്രൂഡോയുടെ ഓഫീസ് വിടുമ്പോൾ വാർഷിക പ്രതിഫലം $406,200 ആയിരുന്നു. ഒപ്പം അദ്ദേഹത്തിന്  2,000 ഡോള വാർഷിക വാഹന അലവൻസും ലഭിച്ചു. പാർലമെന്റ് അംഗങ്ങളുടെ വിരമിക്കൽ അലവൻസസ് ആക്ട് അനുസരിച്ച്, ട്രൂഡോയുടെ 17 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ അഞ്ച് വർഷങ്ങളിലെ ശരാശരി ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് പെൻഷൻ കണക്കുകൂട്ടുക. കാനഡയിൽ സ്റ്റാൻഡേ‍ർഡ് പെൻഷൻ ലഭിച്ചു തുടങ്ങുന്നതിനുള്ള പ്രായം 65 ആണ്. എന്നാൽ 55 വയസ്സ് തികയുന്നതോടെ വേണമെങ്കിൽ ട്രൂഡോയ്ക്ക് പെൻഷൻ സ്വീകരിക്കാം. പക്ഷെ അതിന് ഒരു ശതമാനം പിഴ ഈടാക്കും. 

ഒരു ശരാശരി കനേഡിയൻ പൗരന് ലഭിക്കുന്നതിനേക്കാൾ ആറ് മടങ്ങ് കൂടുതൽ ശമ്പളം പ്രധാനമന്ത്രിമാർ വാങ്ങുന്നുണ്ട്. അതിന് പുറമെ അവ‍ർക്ക്  നല്ലൊരു തുക എംപി പെൻഷനുമായും ലഭിക്കും. ഇതിന് പുറമെ പ്രധാനമന്ത്രിയെന്ന നിലയിൽ രണ്ടാം പെൻഷൻ കൂടി അനുവദിക്കുന്നത് നികുതിദായ‍ക‍ർക്ക് മേൽ അമിതഭാരം അടിച്ചേല്പിക്കുന്നുവെന്ന് ആരോപണം ഉയരുന്നുണ്ട്.