അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന താരിഫുകള്‍ കുറയ്ക്കുമെന്നാണ് തന്‍റെ വിശ്വാസം എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ താരിഫുകള്‍ ഗണ്യമായി കുറയ്ക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ഏപ്രില്‍ 2 ന്, ഇന്ത്യ തങ്ങളില്‍ നിന്ന് ഈടാക്കുന്ന അതേ താരിഫുകള്‍ തന്നെയായിരിക്കും തങ്ങള്‍ അവരില്‍ നിന്നും ഈടാക്കുകയെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. തന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ ട്രംപ് ഏപ്രില്‍ 2 നെ 'അമേരിക്കയുടെ വിമോചന ദിനം' എന്നാണ് പരാമര്‍ശിച്ചത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രൂത്ത് സോഷ്യലില്‍ ചേര്‍ന്നിരുന്നു. ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട് പ്രകാരം, ഓട്ടോമൊബൈല്‍, കാര്‍ഷിക വസ്തുക്കള്‍, രാസവസ്തുക്കള്‍ എന്നീ യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നുണ്ട്.
ട്രംപ് ഇന്ത്യയെ 'താരിഫ് രാജാവ്' എന്നും വ്യാപാര ബന്ധങ്ങളെ 'ദുരുപയോഗം ചെയ്യുന്നവര്‍' എന്നും ആവര്‍ത്തിച്ച് വിളിച്ചിരുന്നു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന ശരാശരി തീരുവ നിരക്ക് ലോകത്തിലെ ഏറ്റവും ഉയര്‍ന്നതാണ്. യുഎസിന്‍റെ ശരാശരി താരിഫ് 2.2%, ചൈനയുടേത് 3%, ജപ്പാന്‍റേത് 1.7% എന്നിങ്ങനെയാണ്. ലോക വ്യാപാര സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യ ഏര്‍പ്പെടുത്തുന്ന ശരാശരി തീരുവ 12% ആണ്.