കാനഡയില്‍ ബാങ്കുകളുടെ നോണ്‍-സഫിഷ്യന്റ് ഫണ്ട് ഫീസ് 10 ഡോളറായി പരിമിതപ്പെടുത്തുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: Mar 20, 2025, 11:44 AM

 


ചെക്കോ മറ്റ് മുന്‍കൂട്ടിയുള്ള അംഗീകൃത ചാര്‍ജുകളോ അടയ്ക്കാന്‍ അക്കൗണ്ടുകളില്‍ ആവശ്യത്തിന് പണമില്ലാത്ത ഉപഭോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ക്ക് ഈടാക്കാവുന്ന ഫീസ് പരിമിതപ്പെടുത്തുന്ന പുതിയ നിയമങ്ങള്‍ ഫെഡറല്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. 2026 മാര്‍ച്ച് 12 മുതല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. വ്യക്തിഗത നിക്ഷേപ അക്കൗണ്ടുകള്‍ക്ക് നോണ്‍-സഫിഷ്യന്റ് ഫണ്ട്(എന്‍എസ്എഫ്) ഫീസ് 10 ഡോളറായി പരിമിതപ്പെടുത്തുക, രണ്ട് പ്രവൃത്തി ദിവസങ്ങളില്‍ ഒന്നില്‍ കൂടുതല്‍ എന്‍എസ്എഫ് ഫീസ് ഈടാക്കുന്നത് നിരോധിക്കുക, അക്കൗണ്ട് കമ്മി 10 ഡോളറില്‍ താഴെയാണെങ്കില്‍ എന്‍എസ്എഫ് ഫീസ് ഈടാക്കുന്നത് നിരോധിക്കുക തുടങ്ങിയ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഫീസ് കുറയ്ക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ പ്രധാന ബാങ്കുകളില്‍ ഇത് 50 ഡോളറിനടുത്താണ്. കാനഡയില്‍ താഴ്ന്ന വരുമാനക്കാരായ ആളുകളെയും മോശം ക്രെഡിറ്റ് ഹിസ്റ്ററിയുള്ള ആളുകളെയും ഇത് ബാധിക്കുമെന്ന് പറയുന്നു. 

2023 ല്‍ മൊത്തം 15.8 മില്യണ്‍ ഇടപാടുകള്‍ക്ക് ബാങ്കുകള്‍ എന്‍എസ്എഫ് ഈടാക്കിയതായും വര്‍ഷം ഏകദേശം മൂന്നിലൊന്ന് കനേഡിയന്‍ പൗരന്മാര്‍ എന്‍എസ്എഫ് ഫീസ് അടയ്‌ക്കേണ്ടി വരുമെന്നും കണക്കാക്കുന്നു.