അനധികൃത കുടിയേറ്റക്കാർക്ക് വീണ്ടും മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നിയമ വിരുദ്ധമായി താമസിക്കുന്നവർ സ്വയം ഒഴിഞ്ഞു പോകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. വൈറ്റ് ഹൗസ് പുറത്തിറക്കിയ പുതിയ വീഡിയോയിലാണ് ട്രംപിൻ്റെ ആഹ്വാനം.
രാജ്യത്തെ നിയമവിരുദ്ധരായ ആളുകൾക്ക് എളുപ്പവഴിയിൽ സ്വയം ഒഴിഞ്ഞു പോകാം. അല്ലെങ്കിൽ കഠിനമായ വഴിയിൽ അവരെ നാടുകടത്തും. അത് സുഖകരമായ കാര്യമല്ലെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പറഞ്ഞു. ഇതിനായി ആപ്പും പുനരാരംഭിച്ചിട്ടുണ്ട്. മുൻ പ്രസിഡൻ്റ് ജോ ബൈഡൻ ആരംഭിച്ച സിബിപി വൺ എന്ന ആപ്പിന് പകരമായാണ് സിബിപി ഹോം എന്ന ആപ്പ് വരുന്നത്. മെക്സിക്കോയിലെ ഏകദേശം ഒരു ദശലക്ഷം കുടിയേറ്റക്കാർക്ക് അതിർത്തി കടന്നുള്ള നിയമപരമായ പ്രവേശനത്തിനായി അപ്പോയിൻ്റ്മെൻ്റ് ഷെഡ്യൂൾ ചെയ്യാൻ ബൈഡൻ കാലഘട്ടത്തിലെ ആപ്പിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ട്രംപ് അധികാരമേറ്റ് ഒരു മണിക്കൂറിനുള്ളിൽ സിബിപി അടച്ചുപൂട്ടി.
എന്നാൽ പുനരാരംഭിച്ച സിബിപി ഹോം മൊബൈൽ ആപ്പിൽ "സ്വയം നാടുകടത്തൽ റിപ്പോർട്ടിംഗ്" അഥവാ സെൽഫ് ഡീപോർട്ടേഷൻ റിപ്പോർട്ടിങ് സംവിധാനം ഉണ്ടെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പ്രഖ്യാപിച്ചു. രേഖകളില്ലാത്ത കുടിയേറ്റക്കാർ സ്വയം നാടുവിടുകയാണ് ഏറ്റവും സുരക്ഷിതമായ ഓപ്ഷനെന്നും ഏജൻസി പറയുന്നു