കാനഡയില്‍ പുതിയ കുടിയേറ്റക്കാര്‍ക്ക് സോഷ്യല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ നല്‍കുന്നത് ലളിതമാക്കുന്നു 

By: 600002 On: Mar 20, 2025, 10:36 AM

 


രാജ്യത്തെ സോഷ്യല്‍ ഇന്‍ഷുറന്‍സ് നമ്പര്‍(SIN) സര്‍വീസ് മെച്ചപ്പെടുത്തുന്നതിനായി നടപടികള്‍ സ്വീകരിച്ചതായി കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ കാനഡയില്‍ എത്തുന്ന പുതിയ കുടിയേറ്റക്കാരെ ലക്ഷ്യംവെച്ചുള്ള പ്രത്യേക പ്രോഗ്രാമായ SIN@Entry യും സര്‍ക്കാര്‍ അവതരിപ്പിച്ചു. എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് കാനഡ(ഇഎസ്ഡിസി), ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(ഐആര്‍സിസി) എന്നിവ സംയുക്തമായി 2025-26 കാലയളവില്‍ പ്രോഗ്രാം അവതരിപ്പിക്കും. ഒരു സോഷ്യല്‍ ഇന്‍ഷുറന്‍സ് നമ്പര്‍(SIN)  ഒമ്പത് അക്ക നമ്പറാണ്. കാനഡയില്‍ ജോലി ചെയ്യാനും, നികുതി അടയ്ക്കാനും, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടാനും SIN  ആവശ്യമാണ്. 

വര്‍ക്ക് പെര്‍മിറ്റ്, പെര്‍മനന്റ് റെസിഡന്‍സി പോലുള്ള ഇമിഗ്രേഷന്‍ സ്ട്രീമുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് SIN@Entry വഴി സോഷ്യല്‍ ഇന്‍ഷുറന്‍സ് നമ്പറിനായി ആവശ്യപ്പെടാം. അപേക്ഷകര്‍ക്ക് ഐആര്‍സിസിയുമായുള്ള ഇടപെടലിന്റെ ഭാഗമായി അവരുടെ SIN അഭ്യര്‍ത്ഥിക്കാനും സ്വീകരിക്കാനും അനുവദിക്കും. അതിനാല്‍  SIN  ന് പ്രത്യേകം അപേക്ഷിക്കേണ്ട ആവശ്യമില്ല. 

പുതിയ സംരംഭം സര്‍വീസ് കാനഡ ലൊക്കേഷനുകളിലേക്കുള്ള നേരിട്ടുള്ള സന്ദര്‍ശനങ്ങള്‍ 50 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇത് മറ്റ് പ്രോഗ്രാമുകള്‍ നേരിട്ട് ആക്‌സസ് ചെയ്യുന്നവരുടെ കാത്തിരിപ്പ് സമയവും കുറയ്ക്കും.