ലാംഗ്ലി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്‌സിനു നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജോലി സ്ഥലത്തെ സുരക്ഷയ്ക്കായി കൂടുതല്‍ നടപടികളെടുക്കാന്‍ ആവശ്യപ്പെട്ട് ബ്രിട്ടീഷ് കൊളംബിയയിലെ നഴ്‌സുമാരെ പ്രതിനിധീകരിക്കുന്ന യൂണിയന്‍. മാര്‍ച്ച് എട്ടിനാണ് നഴ്‌സിനു നേരെ ആക്രമണം നടന്നത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും ഇയാള്‍ അക്രമിക്കാനായി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചതായും പോലീസ് പറഞ്ഞു. ആക്രമണത്തിനിരയായ നഴ്‌സിന് നിസാര പരുക്കുകള്‍ മാത്രമാണ് ഏറ്റത്.
ആക്രമിക്കപ്പെട്ട നഴ്‌സ് യൂണിയനില്‍ അംഗമല്ല. എങ്കിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളില്‍ അക്രമം വര്‍ധിച്ചുവരികയാണെന്നും അവരെ സുരക്ഷിതമാക്കാന്‍ നടപടികളെടുക്കേണ്ടതുണ്ടെന്നും ബീസി നഴ്‌സസ് യൂണിയന്‍ പ്രസിഡന്റ് അഡ്രിയാന്‍ ഗിയര്‍ പറഞ്ഞു. പ്രതിമാസം ഏകദേശം 46 ഓളം ഗുരുതരമായ ആക്രമണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്നുണ്ട്. അതിനാല്‍ WorkSafeBC യില്‍ നിന്നും ടൈം-ലോസ് ക്ലെയിം ആവശ്യമാണെന്ന് ഗിയര്‍ പറയുന്നു. ആരോഗ്യ സംവിധാനത്തില്‍ രോഗികളില്‍ നിന്നുള്ള അക്രമ സാധ്യതയെക്കുറിച്ച് ആശയവിനിമയം നടത്തുന്നതിനുള്ള ഒരു സംവിധാനത്തിന്റെ അഭാവം നഴ്‌സുമാരെ ആശങ്കപ്പെടുത്തുന്നുണ്ട്.