ഹൂസ്റ്റണ്‍: ആകാശം കീഴടക്കിയ സുനിത വില്യംസിനെ എല്ലാവർക്കും അറിയാം. എന്നാൽ സുനിതയ്ക്കൊപ്പം ഒമ്പത് മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കഴിഞ്ഞ ബാരി "ബുച്ച്" വിൽമോറിനെക്കുറിച്ച് പലർക്കും അധികം അറിവുണ്ടാകില്ല. ഒരു അമേരിക്കൻ ബഹിരാകാശ യാത്രികനും മുൻ യുഎസ് നേവി ടെസ്റ്റ് പൈലറ്റുമാണ് ബാരി "ബുച്ച്" വിൽമോർ. യുഎസ് നാവികസേനയിൽ നിന്ന് വിരമിച്ച ക്യാപ്റ്റനായ ബുച്ച് വിൽമോർ തന്‍റെ കരിയറിന്‍റെ ആദ്യഭാഗം സ്‍ട്രാറ്റജിക്ക് ജെറ്റുകൾ പറത്തിയാണ് ചെലവഴിച്ചത്.
നാവികസേനയിൽ ആയിരിക്കെ ബാരി ബുച്ച് വിൽമോർ 8,000-ത്തിലധികം പറക്കൽ മണിക്കൂറുകളും 663 കാരിയർ ലാൻഡിംഗുകളും നടത്തിയിട്ടുണ്ട്. 2000-ൽ നാസയിലേക്ക് ഒരു ബഹിരാകാശയാത്രികനായി തിരഞ്ഞെടുക്കപ്പെട്ട അദേഹം, STS-129-ൽ പൈലറ്റായി ആദ്യ പറക്കലിൽ 259 മണിക്കൂറിലധികം (11 ദിവസം) ബഹിരാകാശത്ത് ചെലവഴിച്ചു. ഈ ഏറ്റവും ഒടുവിലത്തെ ദൗത്യത്തിന് മുമ്പ് വില്‍മോര്‍ ആകെ 178 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു.
ക്യാപ്റ്റൻ വിൽമോറും ഭാര്യ ഡീനയും ടെന്നസിയിൽ സ്വദേശികളാണ്. മികച്ച ഒരു ഫുട്‍ബോളർ കൂടിയാണ് വിൽമോർ. ടെന്നിസി സാങ്കേതിക സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായിരുന്നു അദേഹം. 1982-ൽ യൂണിവേഴ്സിറ്റി ടീമിന്‍റെ പ്രതിരോധനിരയിൽ അംഗമായിരുന്നു വിൽമോർ. ഇപ്പോൾ വിൽമോറും ഭാര്യ ഡീനയും രണ്ട് പെൺമക്കളായ ഡാരിനും ലോഗനും ടെക്സാസിലാണ് താമസിക്കുന്നത്.