അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങള്‍ പരിഷ്‌കരിച്ച് കാനഡ 

By: 600002 On: Mar 19, 2025, 11:07 AM

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് യോഗ്യതാ മാനദണ്ഡങ്ങള്‍ വീണ്ടും പരിഷ്‌കരിച്ച് കാനഡ. രാജ്യത്തെ കൂടുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ്-ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റിന്(PGWP)  അപേക്ഷിക്കാന്‍ പുതിയ മാറ്റത്തിലൂടെ സാധിക്കും. പുതിയ നിയമം അനുസരിച്ച്, യൂണിവേഴ്‌സിറ്റി ബാച്ച്‌ലേഴ്‌സ്, മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ ബിരുദ പ്രോഗ്രോമുകളില്‍ നിന്നുള്ള ബിരുദധാരികള്‍ ഇനി പഠന മേഖലയിലെ ആവശ്യകതകള്‍ പാലിക്കേണ്ടതില്ലെന്ന് ഐആര്‍സിസി പറയുന്നു. നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നേടിയ ശേഷം വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്നതിന് എളുപ്പമാക്കുന്നു. 2024 നവംബര്‍ 1 ന് ശേഷം വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്ന ബിരുദധാരികള്‍ക്ക് ഈ മാറ്റങ്ങള്‍ ബാധകമായിരിക്കും. 

നേരത്തെ, വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്ന അന്താരാഷ്ട്ര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകൃത പ്രോഗ്രാമുകളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദം നേടിയാല്‍ മാത്രമേ പോസ്റ്റ്-ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റിന്(PGWP) യോഗ്യത നേടാന്‍ കഴിയുകയുള്ളുവെന്ന് താൽക്കാലികമായി മാറ്റം വരുത്തിയിരുന്നു. ഈ മാറ്റങ്ങളാണ് ഇപ്പോള്‍ വീണ്ടും പരിഷ്‌കരിച്ചിരിക്കുന്നത്.  യൂണിവേഴ്‌സിറ്റി ബാച്ചിലേഴ്‌സ്, മാസ്‌റ്റേഴ്‌സ്, ഡോക്ടറല്‍ ബിരുദ പ്രോഗ്രാമുകളില്‍ നിന്നുള്ള ബിരുദധാരികള്‍ക്ക് മൂന്ന് വര്‍ഷം വരെ പിജിഡബ്ല്യുപിക്ക് അര്‍ഹതയുണ്ടായിരിക്കുമെന്ന് ഐആര്‍സിസി പറയുന്നു.