യുഎസ്-കാനഡ വ്യാപാര തര്‍ക്കത്തെ തുടര്‍ന്ന് വിവിധ മേഖലകള്‍ പ്രതിസന്ധികള്‍ നേരിടുകയാണ്. വ്യാപാരയുദ്ധം കനേഡിയന്‍ പൗരന്മാരുടെ യാത്രകളെയും ബാധിച്ചിട്ടുണ്ട്. ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ കാനഡയില്‍ നിന്നും അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായാണ് പുറത്തുവരുന്ന കണക്കുകള്‍. ലക്ഷകണക്കിന് ആളുകളുടെ കുറവാണ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോളിന്റെ(സിബിപി) സമീപകാല ഡാറ്റ പ്രകാരം, 2024 ഫെബ്രുവരിയില്‍ കാനഡയില്‍ നിന്ന് നാല് മില്യണ്‍ സഞ്ചാരികളാണ് അമേരിക്കയില്‍ എത്തിയത്. കാല്‍നട യാത്രക്കാര്‍, വിമാനത്തില്‍ സഞ്ചരിച്ചവര്‍, കാറുകള്‍, ട്രക്കുകള്‍ എന്നിവയില്‍ സഞ്ചരിച്ചവര്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ കണക്ക്. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം 3.5 മില്യണ്‍ യാത്രക്കാര്‍ മാത്രമാണ് അമേരിക്ക സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് ഏകദേശം 500,000 കുറവാണിത്.
സിബിപിയുടെ കണക്കനുസരിച്ച്, 2024 ഫെബ്രുവരിയില്‍ കാനഡയില്‍ നിന്നും അമേരിക്കയിലേക്ക് 1.4 മില്യണ്‍ പാസഞ്ചര്‍ വാഹനങ്ങളാണ് അതിര്‍ത്തി കടന്ന് എത്തിയത്. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ എണ്ണം 1.2 മില്യണായി കുറഞ്ഞു. അതേസമയം, കാനഡയില്‍ നിന്നും അമേരിക്കയിലേക്ക് വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 2024 ഫെബ്രുവരിയില്‍ 659,000 ആയിരുന്നത് 2025 ഫെബ്രുവരിയില്‍ 709,000 ആയി. 50,000 യാത്രക്കാര്‍ വര്‍ധിച്ചു.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം കനേഡിയന്‍ പൗരന്മാര്‍ അമേരിക്കയിലേക്കുള്ള യാത്രകള്‍ റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ മറ്റ് സ്ഥലങ്ങള്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നുണ്ട്. മെക്‌സിക്കോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലേക്ക് അവധിക്കാല യാത്രകള്‍ നടത്താനാണ് പലരും പദ്ധതിയിടുന്നത്. എന്നാല്‍ യാത്രക്കാരുടെ ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഇവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളില്‍ വന്‍ വര്‍ധനവ് ഉണ്ടാകുന്നുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. വിനോദസഞ്ചാര മേഖലകളിലും ചെലവുകള്‍ ഉയരുന്നുണ്ട്. കനേഡിയന്‍ ഡോളറിന് അനുകൂലമായ വിനിമയ നിരക്കുള്ള മറ്റ് സ്ഥലങ്ങള്‍ നിരവധി യാത്രക്കാര്‍ തിരയുന്നുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു.