ആൽബർട്ടയിൽ അഞ്ചാംപനി കേസുകൾ കുതിച്ചുയരുന്നു. രോഗം പടരുന്ന പശ്ചാത്തലത്തിൽ ആളുകൾ പ്രതിരോധ വാക്സിൻ എടുക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ആൽബെർട്ട ഹെൽത്തിൻ്റെ കണക്കനുസരിച്ച് ചൊവ്വാഴ്ച ഉച്ചവരെ 13 കേസുകളാണ് സ്ഥിരീകരിച്ചത്.
കാൽഗറി സോണിൽ രണ്ട്, എഡ്മണ്ടൺ സോണിൽ മൂന്ന്, വടക്കൻ മേഖലയിൽ എട്ട് കേസുകളും ഉൾപ്പെടുന്നു. കാൽഗറി, എഡ്മണ്ടൺ സോണുകളിൽ കേസ് വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. രോഗം ബാധിച്ചത് ഏത് പ്രായക്കാർക്കാണെന്ന വിവരം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എങ്കിലും ആൽബെർട്ടയിൽ ഒരു വയസ്സിൽ താഴെയുള്ളൊരു കുട്ടിക്കും രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് . മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് വ്യക്തമായിട്ടുള്ളതെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ആൽബെർട്ടയിൽ കൂടുതൽ കേസുകൾ പ്രതീക്ഷിക്കുന്നതായും ആൽബെർട്ട ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ശിശുരോഗവിദഗ്ദ്ധനായ ഡോ. സിദ് താക്കൂർ പറഞ്ഞു. ഇത് വളരെ പകർച്ചവ്യാധിയായ ഒരു വൈറസാണ്. വായുവിലോ പ്രതലങ്ങളിലോ ഇത് നിലനിൽക്കും. വാക്സിനേഷൻ എടുക്കാത്ത ആളുകൾക്ക് അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.