തൊഴിലിനായി യുഎസിലേക്ക് പോകുന്ന കാനഡക്കാർക്ക് മുന്നറിയിപ്പുമായി ഇമിഗ്രേഷൻ വിദഗ്ധർ

By: 600110 On: Mar 19, 2025, 10:52 AM

 

യു എസിൽ തൊഴിൽ വിസയ്ക്ക് വീണ്ടും അപേക്ഷിക്കുന്നതിനിടെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് കസ്റ്റഡിയിലെടുത്ത് തടവിലാക്കിയ  കനേഡിയൻ പൗരയായ ജാസ്മിൻ മൂണി ജൻമനാട്ടിലക്ക്  മടങ്ങി. തൊഴിലിനായി അതിർത്തി കടന്ന് യുഎസിലേക്ക് പോകുന്നവർ  ജാഗ്രത പാലിക്കണമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് അഭിഭാഷകർ മുന്നറിയിപ്പ് നൽകി. 

ജോലിക്കായി അതിർത്തി കടന്നുള്ള യാത്ര, ഇനി പതിവുപോലെ ആയിരിക്കില്ലെന്ന മുന്നറിയിപ്പാണ് ജാസ്മിൻ്റെ സംഭവമെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ പറയുന്നു. കാലിഫോർണിയയിലെ സാൻ ഡീഗോയ്ക്ക് സമീപത്ത് വച്ചാണ് അതിർത്തി കടക്കാൻ ശ്രമിക്കവെ ജാസ്മിൻ മൂണിയെ കസ്റ്റഡിയിൽ എടുത്തത്. ഏകദേശം 12 ദിവസങ്ങൾ കസ്റ്റഡിയിൽ വച്ചതിന് ശേഷമാണ് ജാസ്മിൻ മൂണിയെ മോചിപ്പിച്ചത്. പല രീതിയിലുള്ള  ഇമിഗ്രേഷൻ സ്റ്റാറ്റസുള്ളവരെയും സ്ഥിര താമസ കാർഡുള്ളവരെയും പോലും മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിൽ തടങ്കലിൽ വയ്ക്കുകയോ നാടുകടത്തുകയോ ചെയ്യുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. 

യു.എസ്  പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ജനുവരിയിലെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരമാണ് മൂണിയെ കസ്റ്റഡിയിലെടുത്തതെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് പറയുന്നു. ബിസിനസുകാരിയും മുൻ നടിയുമായ മൂണി ദിവസങ്ങളോളം മനുഷ്യത്വരഹിതമായ  അവസ്ഥകൾ സഹിച്ചുവെന്ന് മൂണിയുടെ കുടുംബം ആരോപിക്കുന്നു. അരിസോണയിലെ ഒരു സ്വകാര്യ തടങ്കൽ കേന്ദ്രത്തിൽ 30 പേരെ ഒറ്റ സെല്ലിലും വളരെ പരിമിതമായ സൗകര്യങ്ങളോടെയുമാണ് പാർപ്പിച്ചിരുന്നതെന്നും മൂണിയുടെ കുടുംബം പറഞ്ഞു