വിവാദമായ കാർബൺ നികുതി പിൻവലിച്ച ഫെഡറൽ സർക്കാരിൻ്റെ നടപടിക്ക് പിന്നാലെ പ്രവിശ്യാ ഗ്യാസ് നികുതി എന്നന്നേക്കുമായി കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. ഗ്യാസ് നികുതി ലിറ്ററിന് 5.7 സെൻ്റ് സ്ഥിരമായി കുറയ്ക്കുമെന്നാണ് ഡഗ് ഫോർഡ് വ്യക്തമാക്കിയത്.
പ്രധാനമന്ത്രിയായി സ്ഥാനമേറ്റയുടനെ ഏപ്രിൽ ഒന്ന് മുതൽ ഉപഭോക്തൃ ഇന്ധന നിരക്ക് നീക്കം ചെയ്യുന്നതിനുള്ള ഒരു ഉത്തരവിൽ മാർക്ക് കാർണി ഒപ്പുവച്ചിരുന്നു. ഇതിൻ്റെ ഫലമായി ഗ്യാസിൻ്റെ വില ലിറ്ററിന് ഏകദേശം 17.6 സെൻ്റ് കുറയുമെന്നാണ് പ്രതീക്ഷ. ഇതിനെ അനുകൂലിച്ച ഫോർഡ്, കാർണിയുടെ തീരുമാനത്തെ അഭിനന്ദിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
2018-ൽ ക്യാപ്-ആൻഡ്-ട്രേഡ് പ്രോഗ്രാം അവസാനിപ്പിക്കാനുള്ള ഫോർഡ് സർക്കാരിൻ്റെ തീരുമാനത്തെ തുടർന്നാണ് ഒൻ്റാരിയോയിൽ ഫെഡറൽ സർക്കാർ കാർബൺ നികുതി ഏർപ്പെടുത്തിയത്. ഇതേ തുടർന്ന് ഡ്രൈവർമാരുടെ ചെലവ് കുറയ്ക്കുന്നതിനായി, ഗ്യാസിൻ്റെ നികുതിയിൽ ഫോർഡ് 5.7 സെൻ്റിൻ്റെ ഇളവ് പ്രഖ്യാപിച്ചു. അത് സ്ഥിരമാക്കുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഫെഡറൽ നികുതി നീക്കം ചെയ്തിട്ടും, ഫോർഡിൻ്റെ സർക്കാർ ഈ നയം തുടരുകയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, പ്രോഗ്രസീവ് കൺസർവേറ്റീവുകൾ കിഴിവ് സ്ഥിരമാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.