സറേയില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അനധികൃത ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന നഗരത്തിലെ ഗ്രോസറി സ്‌റ്റോറിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഫ്രേസര്‍ ഹെല്‍ത്ത്. 85 അവന്യുവിലെ ഓള്‍ ഇന്‍ വണ്‍ ഹോള്‍സെയില്‍ ക്യാഷ് ആന്‍ഡ് കാരിയില്‍ വിറ്റ ഉല്‍പ്പന്നങ്ങളില്‍ മെര്‍ക്കുറി, ലെഡ്, ആര്‍സെനിക് എന്നിവയുള്‍പ്പെടെയുള്ള ഘനലോഹങ്ങളുടെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഹെല്‍ത്ത് അതോറിറ്റി പറയുന്നു.
ദക്ഷിണേഷ്യയിലെ ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ സിസ്റ്റത്തിന്റെ ഭാഗമായി സ്റ്റോറില്‍ വില്‍ക്കുന്ന ചില ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ക്ക് ഹെല്‍ത്ത് കാനഡയുടെ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി. ചില ഉല്‍പ്പന്നങ്ങളില്‍ ഉയര്‍ന്ന അളവില്‍ ലോഹസാന്നിധ്യം ഉണ്ടെന്നും ഇത് ഉപഭോക്താക്കള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഫ്രേസര്‍ ഹെല്‍ത്ത് മുന്നറിയിപ്പ് നല്‍കുന്നു. സ്റ്റോറിലെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതായി അതോറിറ്റി അറിയിച്ചു.
അനധികൃത ആയുര്‍വേദിക് ഉല്‍പ്പനങ്ങള്‍ സ്റ്റോറില്‍ നിന്നും വാങ്ങിയവര്‍ അവ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും ഉപേക്ഷിക്കണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു. ഹെല്‍ത്ത് കാനഡ അംഗീകരിച്ച ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുക. ഫെഡറല്‍ ഏജന്‍സിയുടെ ഡാറ്റാബേസില്‍ തിരഞ്ഞാല്‍ അവ തിരിച്ചറിയാന്‍ സാധിക്കുമെന്ന് അതോറിറ്റി അറിയിച്ചു.