ഇന്ത്യ - കാനഡ ബന്ധത്തിൽ പുതിയ പ്രതീക്ഷയായി സി‌എസ്‌ഐ‌എസ് ഡയറക്ടറുടെ ഇന്ത്യ സന്ദർശനം

By: 600110 On: Mar 18, 2025, 4:28 PM

 

ഇന്ത്യ - കാനഡ ബന്ധത്തിൽ പുതിയ പ്രതീക്ഷയായി സി‌എസ്‌ഐ‌എസ് ഡയറക്ടറുടെ ഇന്ത്യ സന്ദർശനം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിൻ്റെ അധ്യക്ഷതയിൽ നടന്ന ഇൻ്റലിജൻസ് കോൺക്ലേവിൽ സി‌എസ്‌ഐ‌എസ് ഡയറക്ടർ ഡാനിയേൽ റോജേഴ്‌സ് പങ്കെടുത്തത് ശുഭസൂചനയായാണ് വിലയിരുത്തപ്പെടുന്നത്. കാനഡയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമായി ജസ്റ്റിൻ ട്രൂഡോയുടെ രാജിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ കാണുന്നുവെന്ന ഇന്ത്യൻ മാധ്യമ റിപ്പോർട്ടുകൾക്കിടെയാണ് ഈ കൂടിക്കാഴ്ച .

മാർച്ച് 16 ന് മോദിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്  അജിത് ഡോവലിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ഇൻ്റലിജൻസ് മേധാവികളുടെ യോഗത്തിൽ പങ്കെടുക്കാൻ ഡയറക്ടർ ഡാനിയേൽ റോജേഴ്‌സ് ഇന്ത്യയിലേക്ക് പോകുമെന്ന് കനേഡിയൻ സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് സർവീസ് (സി‌എസ്‌ഐ‌എസ്) നേരത്തെ സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വാർഷിക സുരക്ഷാ സമ്മേളനമായ റെയ്‌സിന ഡയലോഗിന് മുന്നോടിയായി ആണ് റെയ്‌സിന ഇൻസൈറ്റ്‌സ് ഫോറം എന്നറിയപ്പെടുന്ന ഈ കോൺക്ലേവ് നടന്നത്. യുഎസ് നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് അടക്കമുള്ളവർ ഇതിൽ പങ്കെടുത്തിരുന്നു. 

യുഎസുമായുള്ള വ്യാപാര യുദ്ധത്തെ തുടർന്ന് കാനഡ പുതിയ വ്യാപാര പങ്കാളികളെ തേടുമ്പോൾ, നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഇന്ത്യ തയ്യാറാണെന്നതിൻ്റെ സൂചനകൾ പുറത്ത് വന്നിരുന്നു. ഇതിൻ്റെ ഭാഗമായി മോദി സർക്കാർ കാനഡയിലേക്ക് പുതിയ ഹൈക്കമ്മീഷണറെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ കനേഡിയൻ സർക്കാരിൻ്റെ നിലപാടെന്തെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.