ഡോക്ടറിൽ നിന്ന് വെൽഡർ തൊഴിലാളിയിലേക്ക്, ഒരു ഉക്രേനിയൻ അഭയാർത്ഥിയുടെ അതിജീവനകഥ

By: 600110 On: Mar 18, 2025, 4:00 PM

 

ഉക്രെയ്നിൽ  17 വർഷത്തോളം ഡോക്ടറായി ജോലി ചെയ്തിരുന്നയാളാണ് അലക്സ് മാർട്സിവ്. എന്നാൽ ജീവിതം മുന്നോട്ട് നീക്കാൻ ഇപ്പോൾ വെൽഡർ തൊഴിലാളിയായി ജോലി ചെയ്യുകയാണ് മാർട്സിവ്. പടിഞ്ഞാറൻ ഉക്രൈനിലെ പത്ത് ഗ്രാമങ്ങളിലുള്ള 5,000ളം പേർക്ക് വൈദ്യസഹായത്തിനുള്ള ഏക ആശ്രയം മാർട്സിവ് ആയിരുന്നു. എന്നാൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഭാര്യയും ഏഴ് കുട്ടികളുമൊത്ത് സംഘർഷ മേഖലയിൽ നിന്ന് പലായനം ചെയ്ത മാർട്സിവിൻ്റെ കുടുംബം ബ്രിട്ടീഷ് കൊളംബിയയിലെ അബോട്ട്സ്ഫോർഡിൽ താമസമാക്കുകയായിരുന്നു. കാനഡയുടെ എമർജൻസി ട്രാവൽ പ്രോഗ്രാം വഴിയാണ് ഇവർ ഇവിടെയെത്തിയത്.

വർഷങ്ങളുടെ പ്രവർത്തനപരിചയവും വൈദഗ്ധ്യവും ഉണ്ടായിരുന്നിട്ടും, കാനഡയിൽ ഡോക്ടറായി പ്രാക്ടീസ് തുടരാൻ പക്ഷെ മാർട്സിവിനായില്ല. വിദേശ ഡോക്ടർമാർക്ക് കാനഡയിൽ ലൈസൻസ് ലഭിക്കുന്നതിനുള്ള കടമ്പകളാണ് മാർട്സിവിന് തിരിച്ചടിയായത്. അദ്ദേഹത്തിൻ്റെ ഉക്രേനിയൻ മെഡിക്കൽ യോഗ്യതകൾ പരിശോധിക്കാൻ തന്നെ 18 മാസമെടുത്തു. ഇതിന് പുറമെ അദ്ദേഹത്തിന് പല പരീക്ഷകളും ഇനി പൂർത്തിയാക്കേണ്ടതുമുണ്ട്. ഇതിനാകട്ടെ 6,000 ഡോളറോളം ചെലവും വരും. അതിനാൽ കുടുംബത്തെ പോറ്റാൻ, അദ്ദേഹം ഒരു വെൽഡറായി ജോലി ചെയ്യുകയാണ് ഇപ്പോൾ.

അഭയാർത്ഥികളായെത്തുന്ന പ്രൊഫഷണലുകൾ കാനഡയിൽ നേരിടുന്ന വെല്ലുവിളികളുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാവുകയാണ് മാർട്സിവിൻ്റെ ജീവിതം. അഭയാർഥികളായെത്തുന്നവരുടെ യോഗ്യതകൾ പരിശോധിക്കുന്നതിനുള്ള നടപടികൾ സങ്കീർണ്ണവും ദൈർഘ്യമേറിയതുമാണ്. ഇതിന് വേണ്ടി വരുന്ന ഉയർന്ന സാമ്പത്തിക ചെലവും, വിപുലമായ ഡോക്യുമെൻ്റേഷനും, കാലതാമസവുമെല്ലാം ഇവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവരും ഇതേ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കൺസർവേറ്റീവ് എംഎൽഎ ബ്രൂസ് ബാൻമാൻ മാർട്സിവിൻ്റെ കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടർന്ന് പ്രീമിയർ ഡേവിഡ് എബി ഇക്കാര്യത്തിൽ ഇടപെടാമെന്നും ഉറപ്പ് നല്കിയിട്ടുണ്ട്.