ഒറ്റ ദിവസം, 16 തവണ പുതുവർഷത്തെ വരവേറ്റ സുനിത വില്യംസ്! വിശ്വസിക്കാനാകുമോ...

By: 600007 On: Mar 18, 2025, 3:30 PM

 

കാലിഫോര്‍ണിയ: നാസയുടെ ബഹിരാകാശ സ‌ഞ്ചാരിയായ സുനിത വില്യംസ് പുതുവർഷത്തെ വരവേറ്റത് 16 തവണയെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? വിശ്വസിച്ചേ പറ്റൂ. 16 തവണയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വച്ച് സുനിത വില്യംസ് ഉൾപ്പെടെയുള്ള ഏഴ് പേർ സൂര്യോദയവും അസ്തമയവും കണ്ടത്. ഇവർ ഉൾപ്പെടുന്ന പേടകം ഓരോ തവണ ഭൂമിയെ പരിക്രമണം ചെയ്യുമ്പോഴും സൂര്യോദയവും സൂര്യാസ്തമനവും കാണാനാകും. 2025-ലെ പുതുവർഷദിനത്തിലേക്ക് കാലചക്രം കറങ്ങിയെത്തിയപ്പോഴേക്കും ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ നിന്നുകൊണ്ട് ഭൂഗോളത്തെ ചുറ്റുന്ന ബഹിരാകാശ സഞ്ചാരികൾ 16 തവണ പുതുവർഷമാഘോഷിച്ചു.

മൈക്രോഗ്രാവിറ്റിയിൽ ജീവിക്കുകയും ഗവേഷണ ജോലി ചെയ്യുകയും ചെയ്യുന്നവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന സുനിത വില്യംസും സംഘവും. 2024 ജൂണിൽ ഒരാഴ്‌ചത്തെ ദൗത്യത്തിനായി ബോയിംഗിന്‍റെ പരീക്ഷണ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലാണ് സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. എന്നാല്‍ സ്റ്റാര്‍ലൈനറിലെ സാങ്കേതിക തകരാര്‍ കാരണം ഇരുവര്‍ക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകം ഭൂമിയില്‍ തിരിച്ചിറക്കുകയാണ് നാസയും ബോയിംഗും ചെയ്‌തത്. ഇതിന് ശേഷമാണ് സുനിതയുടെയും ബുച്ചിന്‍റെയും മടക്കം 2025 ഫെബ്രുവരിയിലേക്ക് നിശ്ചയിച്ചതും ഒടുവില്‍ മാര്‍ച്ച് അവസാനം വരെ നീണ്ടതും. നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് നാളെ പുലര്‍ച്ചെ സുനിതയും ബുച്ചും ഉള്‍പ്പടെ ക്രൂ-9 ദൗത്യ സംഘത്തിലെ നാല് പേര്‍ ഭൂമിയില്‍ പറന്നിറങ്ങും.