അമേരിക്കയിലും യൂറോപ്പിൻ്റെ ചില ഭാഗങ്ങളിലും നടക്കുന്ന "ടെസ്‌ല ടേക്ക്‌ഡൗൺ" പ്രതിഷേധ പരമ്പരയിൽ അണിനിരന്ന് കനേഡിയൻ പൌരന്മാർ. എലോൺ മസ്‌കിനും ഡോണൾഡ് ട്രംപിനുമെതിരെയാണ് പ്രതിഷേധങ്ങൾ. ടെസ്‌ല സിഇഒ എലോൺ മസ്‌ക് രാഷ്ട്രീയത്തിൽ ഇടപെടുന്നതും, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് ഉപദേശങ്ങൾ നല്കുന്നതിനുമെതിരെയാണ് പ്രതിഷേധങ്ങൾ.
ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലുള്ള ഒരു ടെസ്‌ല ഡീലർഷിപ്പിന് മുന്നിൽ വാൻകൂവർ നിവാസികൾ പ്രതിഷേധവുമായി ഒത്തു ചേർന്നു. എലോൺ മസ്കിനെതിരായ ബാനറുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. അമേരിക്കൻ ഉല്പ്പന്നങ്ങൾ ബഹികരിക്കുന്നതിന് തുടക്കമിട്ടതായും പ്രതിഷേധത്തിനെത്തിയവരിൽ ചിലർ പറഞ്ഞു. ചിലർ കുട്ടികളുമായാണ് പ്രതിഷേധത്തിനെത്തിയത്. തങ്ങളുടെ കുട്ടികളുടെ ഭാവി ശോഭനമാകണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണ് പ്രതിഷേധത്തിനെത്തിയതെന്ന് അവർ പറഞ്ഞു. ജനാധിപത്യം ക്ഷയിക്കുന്നുവെന്നും സ്വേച്ഛാധിപത്യം വളരുന്നുവെന്നും ആയിരുന്നു പ്രതിഷേധത്തിന് എത്തിയ മറ്റ് ചിലരുടെ ആശങ്ക. പരസ്പരം ആശയവിനിമയം നടത്തുകയും സംസാരിക്കുകയും ചെയ്യുന്ന എല്ലാ പ്ലാറ്റ്‌ഫോമുകളും ടെക് പ്രഭുക്കന്മാരുടെ നിയന്ത്രത്തിലാണ്. പത്രങ്ങൾ ശതകോടീശ്വരന്മാരുടെ ഉടമസ്ഥതയിലും. കാനഡയിൽ സംഭവിക്കുന്ന കാര്യങ്ങളുടെ മറ്റൊരു പതിപ്പ് മാത്രമാണ് യുണൈറ്റഡ് സ്റ്റേറ്റ്സിൽ നടക്കുന്നതെന്നും ചിലർ പറഞ്ഞു.