വ്യാവസായിക കാർബൺ നികുതി നിർത്തലാക്കുമെന്ന് കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ

By: 600110 On: Mar 18, 2025, 2:49 PM

 

 

വ്യാവസായിക കാർബൺ നികുതി നിർത്തലാക്കുമെന്ന്  കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവറിൻ്റെ വാഗ്ദാനം. വ്യാവസായിക കാർബൺ നികുതി ഉൾപ്പെടെയുള്ള കാർബൺ നികുതികൾ പിൻവലിക്കുമെന്നാണ് കൺസർവേറ്റീവ് നേതാവ് അറിയിച്ചത്. കുറഞ്ഞ കാർബൺ ബഹിർഗമനം നടത്തുന്ന കമ്പനികൾക്ക് പാരിതോഷികമായി ഫെഡറൽ നികുതി ക്രെഡിറ്റുകൾ വർദ്ധിപ്പിക്കുമെന്നും പിയറി പൊയിലീവർ പറഞ്ഞു.

പുതിയ പ്രധാനമന്ത്രി മാർക്ക് കാർണി വെള്ളിയാഴ്ച ഉപഭോക്തൃ കാർബൺ നികുതി പൂജ്യമായി കുറയ്ക്കാൻ തീരുമാനിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. തിങ്കളാഴ്ച്‌ച ഒൻ്റാറിയോയിലെ ലോറിഗ്നലിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പൊയിലീവർ പുതിയ വാഗ്ദാനങ്ങൾ മുന്നോട്ട് വച്ചത്. കാർബൺ വിലനിർണ്ണയവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പിൻവലിക്കുമെന്ന് പൊയിലീവർ അറിയിച്ചു. ഉപഭോക്തൃ, വ്യാവസായിക കാർബൺ വിലനിർണ്ണയ പദ്ധതികൾ നിർത്തലാക്കും. ഔട്ട്പുട്ട് അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയ സംവിധാനം എന്നറിയപ്പെടുന്ന വ്യാവസായിക കാർബൺ പദ്ധതിയും വെട്ടിക്കുറയ്ക്കുമെന്ന് അദ്ദേഹം പരസ്യമായി സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ഉപഭോക്താക്കൾക്കും കനേഡിയൻ വ്യവസായങ്ങൾക്കും കാർബൺ നികുതി ഉണ്ടാകില്ല. പകരം, ഈ പ്രശ്നം അവർക്ക് ഇഷ്ടമുള്ള രീതിയിൽ പരിഹരിക്കാനുള്ള സ്വാതന്ത്ര്യം പ്രവിശ്യകൾക്ക് നല്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ കാർബൺ ബഹിർഗമനം നടത്തുന്ന കമ്പനികളിൽ നിന്ന് ഒരു പരിധി കഴിഞ്ഞാൽ നികുതിയ ഈടാക്കുന്ന സംവിധാനമാണ് ഔട്ട്‌പുട്ട് അധിഷ്ഠിത വിലനിർണ്ണയ സംവിധാനം . മാനിറ്റോബ, നുനാവട്ട് തുടങ്ങി ചുരുക്കം ചില പ്രവിശ്യകൾക്കും പ്രദേശങ്ങൾക്കും മാത്രമേ ഈ നിമയം ഇപ്പോൾ ബാധകമായിട്ടുള്ളൂ