അടുത്ത രണ്ട് വര്‍ഷത്തേക്ക് വൈദ്യുതി നിരക്ക് 3.75 ശതമാനം വര്‍ധിപ്പിക്കുമെന്ന് ബീസി സര്‍ക്കാര്‍ 

By: 600002 On: Mar 18, 2025, 10:20 AM

 


അടുത്ത രണ്ട് വര്‍ഷത്തേക്ക് പ്രവിശ്യയിലെ വൈദ്യുതി നിരക്ക് 3.75 ശതമാനം വര്‍ധിപ്പിക്കുമെന്ന് ബീസി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് സൊല്യൂഷന്‍സ് മിനിസ്റ്റര്‍ അഡ്രിയാന്‍ ഡിക്‌സാണ് ഇക്കാര്യം അറിയിച്ചത്. യുഎസ്-കാനഡ വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക, വ്യാപാര അനശ്ചിതത്വം നേരിടേണ്ടി വരുമെന്ന പ്രവചനങ്ങളുള്ളതിനാലാണ് ഈ വര്‍ധനവെന്ന് ഡിക്‌സ് പറഞ്ഞു. പ്രതിമാസം 100 ഡോളര്‍ ബില്‍ അടയ്ക്കുന്ന ശരാശരി കുടുംബത്തിന് ഈ നിരക്ക് പ്രതിമാസം 3.75 ഡോളര്‍ അധികമായി ബില്ലില്‍ ചേര്‍ക്കും. പ്രവചനാതീതമായ സമയങ്ങളില്‍ ബീസി ഹൈഡ്രോയുടെ വൈദ്യുതി നിരക്കുകളില്‍ സ്ഥിരത ഉറപ്പാക്കാന്‍ പ്രവിശ്യ നടപടിയെടുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധന ഈ വര്‍ഷം ഏപ്രില്‍ 1നും 2026 ഏപ്രില്‍ 1 നും പ്രാബല്യത്തില്‍ വരും.  

പണപ്പെരുപ്പം കണക്കിലെടുത്ത് ക്രമീകരിക്കുമ്പോള്‍ 2025 ല്‍ ബീസിയിലെ വൈദ്യുതി നിരക്കുകള്‍ 40 വര്‍ഷം മുമ്പുള്ള അതേ വിലയില്‍ തന്നെ തുടരുമെന്ന് ഡിക്‌സ് വിശദീകരിച്ചു. നിരക്ക് വര്‍ധന തുടര്‍ച്ചയായ ഏഴ് വര്‍ഷത്തേക്ക് സഞ്ചിത പണപ്പെരുപ്പത്തിന് താഴെ നിലനിര്‍ത്തിക്കൊണ്ട്, നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നത് തുടരാന്‍ ബീസി ഹൈഡ്രോയെ ഈ വര്‍ധന സഹായിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.