വാരാന്ത്യങ്ങളില്‍ ടു-കാര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതിയില്‍ കാല്‍ഗറി ട്രാന്‍സിറ്റ് 

By: 600002 On: Mar 18, 2025, 9:44 AM

 

വാരാന്ത്യങ്ങളില്‍ ടു-കാര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് കാല്‍ഗറി സിറ്റി. മാര്‍ച്ച് 22 മുതല്‍ പരീക്ഷാണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിലാണ് സിറ്റി. 2022 മുതല്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും പാന്‍ഡെമിക്കിന് മുമ്പുള്ള നിരക്കിലെത്തിയെന്നും സിറ്റി പറയുന്നു. കഴിഞ്ഞ വര്‍ഷം, 101 മില്യണിലധികം ഉപഭോക്താക്കള്‍ കാല്‍ഗറി ട്രാന്‍സിറ്റ് ഉപയോഗിച്ചതായാണ് കണക്കുകള്‍. പ്രത്യേക പരിപാടികള്‍ക്ക് പുറമെ, വാരാന്ത്യ യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ശരാശരി 84 യാത്രക്കാര്‍ (തിരക്കുള്ള സമയങ്ങളില്‍ 300 ലേറെ യാത്രക്കാര്‍) ഒരു ട്രിപ്പിലൂടെ ട്രെയിനില്‍ സഞ്ചരിക്കുന്നുണ്ട്. 

ആവശ്യകതയ്ക്കനുസരിച്ച് വാരാന്ത്യത്തില്‍ ട്രെയിന്‍ കാറുകളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ എനര്‍ജി, മെയിന്റനന്‍സ്, മറ്റ് ഓപ്പറേഷനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ കാല്‍ഗറി ട്രാന്‍സിറ്റിന് കുറയ്ക്കാന്‍ സാധിക്കുമെന്ന് സിറ്റി പറയുന്നു. ശനിയാഴ്ചകളിലും, ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലുമാണ് ടു-കാര്‍ സര്‍വീസ് നടത്തുന്നത്.

പൈലറ്റ് പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് മാറ്റവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ അറിയിക്കുന്നതിനായി സൈനേജുകളും പബ്ലിക് അവയേര്‍നെസ് ക്യാമ്പയിനും ആരംഭിക്കുമെന്ന് സിറ്റി അറിയിച്ചു. ഭാവിയില്‍ പദ്ധതിക്കുള്ള പ്രതികരണം അറിയാനാണ് പരീക്ഷാണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. 

ഫ്‌ളെയിംസ് ഗെയിംസ് പോലുള്ള ഉയര്‍ന്ന ഡിമാന്‍ഡുള്ള വാരാന്ത്യ പരിപാടികളില്‍ അധിക ഫ്‌ളോട്ടര്‍ ട്രെയിനുകള്‍ ലൈനുകളില്‍ ഉള്‍പ്പെടുത്തും. ഈ സമ്മര്‍സീസണില്‍ നടക്കുന്ന കാല്‍ഗറി സ്റ്റാംപീഡ് ആന്‍ഡ് റോട്ടറി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ മൂന്ന്, നാല് ബോഗി ട്രെയിനുകള്‍ ഉപയോഗിക്കുമെന്ന് കാല്‍ഗറി ട്രാന്‍സിറ്റ് അറിയിച്ചു.