രാജ്യത്ത് മുസ്ലീം സമുദായത്തിനെതിരായ പ്രചാരണങ്ങൾക്ക് നിന്ന് വിട്ട് നില്ക്കാൻ ആഹ്വാനം ചെയ്ത് കാനഡയിൽ അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനം ആചരിച്ചു. ശനിയാഴ്ടയാണ് ഇസ്ലാമോഫോബിയ വിരുദ്ധ ദിനം ആചരിച്ചത്. എന്നാൽ മുസ്ലിങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രവർത്തനങ്ങൾ ചെറുക്കാൻ വേണ്ടത്ര നടപടികൾ ഉണ്ടാകുന്നില്ലെന്ന് കാനഡയിലെ മുസ്ലീം പൗരാവകാശ സംരക്ഷണ സംഘടന ആരോപിച്ചു.
കാനഡയിലെ മുസ്ലീങ്ങൾ അക്രമത്തിനും വിവേചനത്തിനും വിധേയരാകുന്നുണ്ടെന്ന് ഇസ്ലാമോഫോബിയക്കെതിരെ പ്രവർത്തിക്കുന്ന പ്രത്യേക പ്രതിനിധിയായ അമീറ എൽഗാവാബി പറഞ്ഞു. വംശീയത, ശത്രുത എന്നിവയുടെ രൂപത്തിലാണ് ഇസ്ലാമോഫോബിയ കടന്നു വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഇസ്‌ലാമോഫോബിയയെ നേരിടാൻ ഫെഡറൽ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും എൽഗാവാബി പരാമർശിച്ചു. കാനഡ കമ്മ്യൂണിറ്റി സെക്യൂരിറ്റി പ്രോഗ്രാമിനും വംശീയ വിരുദ്ധ നടപടികൾക്കും ഫെഡറൽ സർക്കാരിൻ്റെ പിന്തുണ വർദ്ധിച്ചിട്ടുണ്ടെന്നും എൽഗാവാബി പറഞ്ഞു.
കാനഡക്കാർ മതഭ്രാന്തിന് അടിമകളാകരുതെന്ന് ഗവർണർ ജനറൽ മേരി സൈമൺ ശനിയാഴ്ച പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഓൺലൈനിലൂടെയുള്ള വിദ്വേഷ പ്രചരണം മുതൽ വെറുപ്പുളവാക്കുന്ന വാക്കുകൾ ഉപയോഗിക്കുന്നതും അടക്കം, മുസ്ലീങ്ങൾക്കെതിരായ നടപടികൾ അസ്വീകാര്യവും വിനാശകരവുമാണ്.മാത്രമല്ല ഒരു രാജ്യമെന്ന നിലയിൽ, അത് നമ്മുടെ ശക്തിയെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് മേരി സൈമൺ പറഞ്ഞു. എന്നാൽ വാക്കുകളേക്കാൾ കൂടുതൽ നടപടികളാണ് ആവശ്യമെന്ന് കനേഡിയൻ മുസ്ലീം ഫോറം ആവശ്യപ്പെട്ടു. പള്ളികളിലെ സുരക്ഷാ നടപടികൾക്കുള്ള ധനസഹായം ഫെഡറൽ, പ്രവിശ്യാ സർക്കാരുകൾ വർദ്ധിപ്പിക്കണമെന്നും, സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും ഇസ്ലാമോഫോബിയയെക്കുറിച്ച് ബോധവൽക്കരിക്കണം നടത്തണമെന്നും, സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള വ്യവസ്ഥാപരമായ വിവേചനങ്ങൾ നീക്കം ചെയ്യണമെന്നും ഫോറം ആവശ്യപ്പെടുന്നു.