കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഫ്രാൻസും യുകെയും സന്ദർശിക്കും

By: 600110 On: Mar 17, 2025, 3:07 PM

 

വ്യാപാരം സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം ലക്ഷ്യമാക്കി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വിദേശ സന്ദർശനത്തിന്. ഫ്രാൻസും യു.കെയുമാണ് അദ്ദേഹം സന്ദർശിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുവകൾ കാനഡയെ സാമ്പത്തികമായി തളർത്തുന്നതിന് പുറമെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാനും കാരണമായിട്ടുണ്ട്. ഈ സാഹര്യത്തിലാണ് പുതിയ പങ്കാളികളെ തേടാനുള്ള കാനഡയുടെ നീക്കം. 

കാനഡയുടെ വടക്കൻ പ്രവിശ്യയായ നുനാവട്ടിലെ ഇക്കാല്യൂട്ടിലും കാർണി  സന്ദർശനം നടത്തുമെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു. ഞായറാഴ്ചയാണ് പ്രധാനമന്ത്രിയായ ശേഷമുള്ള തൻ്റെ ആദ്യ വിദേശ യാത്ര ആരംഭിക്കുക. പാരീസിൽ നിന്നാണ് യാത്ര തുടങ്ങുക.  ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. കാനഡ-യൂറോപ്യൻ യൂണിയൻ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ അടിത്തറയാക്കി, ശക്തമായ സാമ്പത്തിക, വാണിജ്യ, പ്രതിരോധ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനാകും  നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് കാർണിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. തിങ്കളാഴ്ച ലണ്ടനിലേക്ക് തിരിക്കുന്ന കാർണി ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിക്കുകയും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ചൊവ്വാഴ്ച മടങ്ങിയെത്തുന്ന അദ്ദേഹം നുനാവട്ടിലെത്തി പ്രീമിയർ പി ജെ അകീജോക്കുമായി കൂടിക്കാഴ്ച നടത്തും. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ഉചിതമായ സമയത്ത് ചർച്ച നടത്തുമെന്നും കാർണി വ്യക്തമാക്കി.